വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് സംഘം കയ്‌റോയിലേക്ക്
കയ്‌റോ- ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ മുതിര്‍ന്ന നേതാക്കളുടെ പ്രതിനിധി സംഘം കയ്റോയിലേക്ക് തിരിച്ചു.
'യുദ്ധം അവസാനിപ്പിക്കുന്നതിനും ആക്രമണം നിര്‍ത്തുന്നതിനും ഗാസ മുനമ്പില്‍ നിന്ന് അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കുന്നതിനുമുള്ള ഒരു കരാറിലെത്തുന്നതിന് കൂടിക്കാഴ്ച ഉപകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- പേര് വെളിപ്പെടുത്താത്ത ഹമാസ് നേതാവ് വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ, അധിനിവേശ സേന ഗാസ സിറ്റിക്ക് കിഴക്കുള്ള ഒരു വീടിനും ഖാന്‍ യൂനിസിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാര്‍പ്പിച്ച ഒരു കൂടാരത്തിനും നേരെ ബോംബെറിയുകയും മൂന്ന് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കിഴക്കന്‍ ഗാസ സിറ്റിയിലെ തുഫയ്ക്ക് കിഴക്ക് നഖില്‍ സ്ട്രീറ്റിലെ കാഹില്‍ കുടുംബത്തിന്റെ വീടിന് നേരെ ഇസ്രായേല്‍ ഡ്രോണ്‍ ബോംബെറിഞ്ഞതില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ മുനമ്പിന് തെക്ക് ഖാന്‍ യൂനിസിലെ മവാസി പ്രദേശത്തുള്ള അബു കവാരെ സ്ട്രീറ്റില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു കൂടാരത്തിന് നേരെ അധിനിവേശ സേന ബോംബെറിഞ്ഞപ്പോള്‍ ഒരു പൗരന്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 7 ന് ആക്രമണം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പില്‍ മരിച്ചവരുടെ എണ്ണം 50,912 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 115,981 ആണ്.
Related News