സ്ത്രീ ശാക്തീകരണത്തിന്റെയും നന്മയിലൂന്നിയ സൗഹൃദങ്ങളുടെയും കഥകള്‍ പറഞ്ഞുകൊണ്ട് ജെ സി ഡബ്ല്യൂ സി ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ ജൈത്രയാത്ര തുടരുന്നു. നൂതനാശയങ്ങള്‍ കൊണ്ടും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും വ്യത്യസ്ത തരത്തില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിവരുന്ന ജിദ്ദ സിജി ചാപ്റ്ററിന്റെ കീഴില്‍ പ്രവാസി സ്ത്രീകളുടെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധി ലക്ഷ്യമിട്ട് 2020 സെപ്റ്റംബര്‍ 12 നാണ് ജിദ്ദ സിജി വിമന്‍ കലക്റ്റീവ് നിലവില്‍ വന്നത്. നാലര വര്‍ഷം കൊണ്ട് അഭിമാനകരമായ പല പരിപാടികളും ജെ സി ഡബ്ല്യൂ സി ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയിരുന്നു. ജെ സി ഡബ്ല്യൂ സി യുടെ പ്രവര്‍ത്തന വഴിയിലെ പൊന്‍തൂവലായി മാറിയ 'നിസ്വ' മാഗസിന് ജിദ്ദ പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
രണ്ടു വര്‍ഷങ്ങളില്‍ നിലവില്‍ വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ജെ സി ഡബ്ല്യൂ സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിറപ്പകിട്ടാര്‍ന്ന വാര്‍ഷികാഘോഷത്തോടെയാണ് നിലവിലുള്ള കമ്മിറ്റി അംഗങ്ങള്‍ മാറി പുതിയ കമ്മിറ്റി നിലവില്‍ വരുന്നത്.ന2025 ഫെബ്രുവരി മുതല്‍ നിലവില്‍ വന്ന പുതിയ കമ്മിറ്റിയെ നയിക്കുന്നത് ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ്, ജനറല്‍ സെക്രട്ടറി സൗദ കാന്തപുരം, ട്രഷറര്‍ മാജിത കുഞ്ഞി എന്നിവരടങ്ങുന്ന 30 അംഗ എക്‌സിക്യൂട്ടീവാണ്. അനീസ ബൈജുവും റൂബി സമീറുമാണ് ഉപദേശക സമിതി അംഗങ്ങള്‍. ജെ സി ഡബ്ല്യൂ സി യില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതിനായി ആറ് വിങ്ങുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2025-27 കമ്മിറ്റി നിലവില്‍ വന്നു രണ്ടു മാസത്തിനകം തന്നെ മികച്ച പല ആശയങ്ങളും നടപ്പില്‍ വരുത്താനായി എന്നത് പുതിയ കമ്മിറ്റിയുടെ അഭിമാന നേട്ടമാണ്. ഫെബ്രുവരി 7ന് സിജി ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് വി മൂസയുടെയും ജിദ്ദ സിജി ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയുടെയും നേതൃത്വത്തില്‍ നടത്തിയ എക്‌സ്‌കോം ഓറിയന്റേഷന്‍ പ്രോഗ്രാമിലൂടെയായിരുന്നു ജെ സി ഡബ്ല്യൂ സി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി 20ന് ജമാഅത്തെ ഇസ്ലാമി നാഷണല്‍ കോഡിനേറ്റര്‍ റഹ്‌മത്ത് ടീച്ചറുടെ ക്ലാസ്സോടെ കുടുംബങ്ങള്‍ക്കായി 'റമദാന്‍ റിഫ്‌ലക്ഷന്‍സ്' എന്ന പേരില്‍ ജെസി ഡബ്ലിയു സി ഫാമിലി വെല്‍ ബീയിങ് ടീം റമദാന്‍ മുന്നൊരുക്ക ക്ലാസ് സംഘടിപ്പിച്ചു. തഖ്വയിലൂടെ എങ്ങനെ ആത്മനിയന്ത്രണം വീണ്ടെടുക്കാമെന്ന് സംവദിച്ച ക്ലാസിന് ജിദ്ദ പ്രവാസി കുടുംബങ്ങളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു.
മാര്‍ച്ച് 8 വനിതാദിനത്തില്‍ നന്മയിലൂന്നിയ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് വലിയ വിജയങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് വളരെ ലളിതമായ ഒരു ഇഫ്താര്‍ വിരുന്ന് ജെ സി ഡബ്ല്യൂ സി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ചു. വീക്കിലി ടാസ്‌ക്കുകളായ ടി -ടോക്ക് ലൂടെയും റീഡ് വെഡ്‌നെസ്ഡേ - യിലൂടെയും റമദാന്‍ സന്ദേശങ്ങള്‍ അടങ്ങിയ എഴുത്തുകളും ചര്‍ച്ചകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് ജെ സി ഡബ്ല്യൂ സി വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തപ്പെട്ടു.'എക്വിപ്പ് 2025 ജൂനിയര്‍സ് &സീനിയര്‍സ് ' എന്ന പേരില്‍ കുട്ടികള്‍ക്കായി ജെ സി ഡബ്ല്യൂ സി യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ റമദാന്‍ സ്‌പെഷ്യല്‍ പ്രോഗ്രാമുകളും സംഘടിപ്പിച്ചിരുന്നു. ജെ സി ഡബ്ല്യൂ സി ഒരുക്കിയ കുട്ടികള്‍ക്കായുള്ള ഇഫ്താറും അവരെ അറിവിലൂടെയുള്ള നേതൃപാടവത്തിലേക്ക് നയിക്കുന്നതായിരുന്നു. സേവനപാതയില്‍ തങ്ങള്‍ക്കും പലതും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ട് ജെ സി ഡബ്ല്യൂ സി -ഗ്രൂപ്പ് മെമ്പേഴ്‌സിന് ഇരുന്നൂറിലധികം പാവപ്പെട്ട തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്ന് നല്‍കാനും സാധിച്ചു. ഭാവി തലമുറക്ക് സുരക്ഷിതമായ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലേക്ക് അവസരങ്ങള്‍ ഉറപ്പുവരുത്തുന്ന സിജി എന്ന മാതൃ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുന്നതിനായുള്ള സപ്പോര്‍ട്ട് സിജി ക്യാമ്പയിനിലേക്കും ജെ സി ഡബ്ല്യൂ സി ക്ക് ചെറുതല്ലാത്ത ഒരു സഹായം കൈമാറാന്‍ സാധിച്ചിരുന്നു.
സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സ്വാശ്രയത്വം പരിശീലിപ്പിക്കുന്നതിനും ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തനം തുടരുന്ന ജെ സി ഡബ്ല്യൂ സി ബിഗ് (ബിസിനസ്സ് ഇനിഷിയേറ്റീവ് ഗ്രൂപ്പ് ) സംഘടിപ്പിച്ച മെഹന്ദി നൈറ്റ് ജിദ്ദയിലെ കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമൊരു പെരുന്നാള്‍ സമ്മാനം തന്നെയായിരുന്നു. ഈ പ്രോഗ്രാമില്‍ ഇരുപതോളം മെഹന്ദി ആര്‍ട്ടിസ്റ്റുകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും വരുമാനം നേടാനും അവസരം ലഭിച്ചു. കളിചിരികളും, പാട്ടും, ഇടയ്ക്കിടെ നറുക്കെടുപ്പിലൂടെയുള്ള സമ്മാന വിതരണവുമൊക്കെയായി പ്രോഗ്രാം മനോഹരമായപ്പോള്‍ ഒരു പെരുന്നാള്‍ രാവ് തന്നെ ജിദ്ദക്കാര്‍ക്കായി അണിയിച്ചൊരുക്കപെടുകയായിരുന്നു. ആരോഗ്യ ബോധവല്‍ക്കരണ പ്രോഗ്രാമുകളും പ്രവാസി സ്ത്രീകളുടെ കലാപരമായുള്ള കഴിവുകളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പുതിയ ആവിഷ്‌കാരങ്ങളുമൊക്കെയായി ജെ സി ഡബ്ല്യൂ സി- ജിദ്ദ പ്രവാസി സമൂഹത്തിനിടയില്‍ വ്യത്യസ്തതയുടെ മുഖമുദ്രയുമായി അതിന്റെ അഭിമാന യാത്ര തുടരുകയാണ്.
-സൗദ കാന്തപുരം.
Related News