ദോഹ :ആധുനിക സൗകര്യങ്ങള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയില്‍ കൈവരിച്ച നേട്ടങ്ങളുടെ ഫലമായി ആരോഗ്യ സംരക്ഷണ മേഖലയില്‍ ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജിസിഒ). ആരോഗ്യ സംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ ആരോഗ്യ സുരക്ഷാ സൂചികയുടെ ആഗോള റാങ്കിങ്ങില്‍ ഖത്തര്‍ മുന്‍നിരയിലെത്തിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റാന്‍ ഈ തന്ത്രപരമായ വികസനം സഹായിച്ചിട്ടുണ്ടെന്നും ജിസിഒ എക്‌സ് അക്കൗണ്ട് പോസ്റ്റില്‍ വ്യക്തമാക്കി.
മാതൃ-നവജാത ശിശു ആരോഗ്യത്തില്‍ ഖത്തറിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഫലമായി, രാജ്യത്തെ 95 ശതമാനം കുട്ടികളിലും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. ഇത് ആഗോള ശരാശരിയായ 85 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണെന്നും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജിസിഒ) അറിയിച്ചു.
യൂണിസെഫിന്റെ കണക്കനുസരിച്ച്, ഖത്തറിലെ ശിശുമരണ നിരക്ക് 1,000 പേരില്‍ 2 മാത്രമാണ്. ആഗോള ശരാശരിയായ 17 ശതമാനത്തെക്കാള്‍ വളരെ കൂടുതലാണിത്. ശിശു ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ഖത്തറിന്റെ അസാധാരണമായ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രദ്ധേയമായ ഈ നേട്ടങ്ങളെ തുടര്‍ന്ന്, ആരോഗ്യ മേഖലയില്‍ രാജ്യം ആഗോളതലത്തില്‍ അംഗീകാരം നേടിയതായും ജിസിഒ അവകാശപ്പെട്ടു.
നംബിയോ സര്‍വേ പ്രകാരം, 2024 ലെ ആരോഗ്യ സംരക്ഷണ സൂചികയില്‍ ഖത്തര്‍ 17-ാം സ്ഥാനത്താണ്. ബ്രാന്‍ഡ് ഫിനാന്‍സിന്റെ റാങ്കിംഗില്‍ ലോകമെമ്പാടുമുള്ള മികച്ച 100 ആശുപത്രികളില്‍ നാല് ഖത്തറി ആശുപത്രികള്‍ ഇടം നേടിയതും ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ മികവിനുള്ള മറ്റൊരു തെളിവായി ജിസിഒ ചൂണ്ടിക്കാട്ടി.
Related News