ദമാം: മുതിര്‍ന്നവര്‍ക്കൊരു സവിശേഷ മദ്രസ്സയൊരുക്കി സൗദി അറേബ്യ ഇസ്ലാമിക മന്ത്രാലയത്തിന് കീഴിലുള്ള ദമാം ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം 2024 ല്‍ ആരംഭിച്ച മദ്രസ പഠന കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനത്തിന് തുടക്കം കുറിച്ചൂ. ദമാം ഐസിസി മലയാള വിഭാഗം മദ്രസയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളടക്കമുള്ള പ്രവാസ മേഖലയിലെ മുതിര്‍ന്നവര്‍ക്ക് വേണ്ടി ഒരുക്കുന്ന സ്റ്റഡി കോഴ്‌സ് ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ ആയിരിക്കും.
പ്രവേശനവും പഠനവും തികച്ചും സൗജന്യമായ ഒരു വര്‍ഷ കോഴ്‌സ് അവസാനിക്കുമ്പോള്‍ നടക്കുന്ന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സൗദി മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഐ.സി.സി. നല്‍കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഐസിസി മദ്രസ മലയാള വിഭാഗം തുടര്‍പഠന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ഈ പഠന പദ്ധതിയില്‍ അറബി അക്ഷരങ്ങള്‍ മുതല്‍ തുടങ്ങി ഒന്‍പതിലധികം വിഷയങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക സൗകര്യത്തോടെ ആഴ്ചയില്‍ ഒരു ദിവസത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ കോര്‍ത്തിണക്കി പഠിപ്പിക്കുന്ന നൂതന പഠന രീതിയാണ്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ ക്ലാസ്സില്‍ പ്രത്യേകം സൗകര്യം. വിശ്വാസ പാഠം, കര്‍മ്മ പാഠം, വിശുദ്ധ ഖുര്‍ആന്‍ പാരായണം, മനപ്പാഠം, അര്‍ത്ഥം പഠിക്കല്‍, ഒരു ദിനം ഒരു ഹദീസ്, നിത്യ ജീവിതത്തിലെ പ്രാര്‍ത്ഥനകള്‍, അറബി ഭാഷാ പഠനം, നബി(സ)യുടെ ചികിത്സ
കര്‍മ്മങ്ങളുടെ പ്രായോഗിക ക്ലാസ്സുകള്‍ തുടങ്ങിയവ സിലബസിന്റെ ഭാഗമാണ്. വിവിധ ടേമുകളില്‍ ക്ലാസ് പരീക്ഷകളും അതില്‍ മികവ് നേടുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ എന്നിവ കോഴ്‌സിന്റെ പ്രത്യേകതയാണ്.
ധാര്‍മ്മിക പാതയില്‍ പ്രവാസ ജീവിതം നയിച്ചു മുന്നോട്ട് പോകാന്‍ സ്വകുടുംബങ്ങളില്‍ അറിവിന്റെ പ്രഭ പരത്താന്‍, അന്ത്യയാത്രയിലെ വിജയത്തിന്റെ
പാഥേയമാവാന്‍, ആഗ്രഹിക്കുന്നവര്‍ക്ക് മികവുറ്റ വിജ്ഞാന കവാടമാണ് ഈ പഠന പദ്ധതിയെന്നും ഏപ്രില്‍ 14ന് തുടങ്ങുന്ന കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍
0507904018, 0581709091 എന്നീ നമ്പറുകളില്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാമെന്നും ഐസിസി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനി അറിയിച്ചു.
ഫോട്ടോ : ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മദ്രസ സമുച്ചയം.
Related News