റിയാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം റിയാദിലേക്ക് മുങ്ങിയ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു.
പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര വെള്ളാരംകുന്ന് മാളികയില്‍ വീട്ടില്‍ അബ്ദുല്‍ അസീസിനെയാണ് (50) മണ്ണാര്‍ക്കാട് പോലീസ് റിയാദില്‍നിന്നും അറസ്റ്റ് ചെയ്ത് നാട്ടില്‍ കൊണ്ടുവന്നത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടിയുടെ ചെറിയമ്മയുടെ സുഹൃത്തായ പ്രതി അവരുടെ അറിവോടെയാണ് പീഡനം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ചെറിയമ്മയെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് എ.എസ്.പി രാജേഷ് കുമാര്‍, പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന പോലീസ് സംഘം രണ്ടു ദിവസം മുമ്പാണ് റിയാദിലെത്തിയത്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സൗദി പോലീസ് ഏതാനും ദിവസം മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
നടപടി പൂര്‍ത്തിയാക്കി റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിച്ചാണ് പ്രതിയെ കേരള പോലീസിന് റിയാദ് പോലീസ് കൈമാറിയത്.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ കൊണ്ടുവരുന്നത്. കഴിഞ്ഞ മാര്‍ച്ച് 25നാണ് മറ്റൊരു പോക്‌സോ കേസ് പ്രതിയെ റിയാദില്‍നിന്ന് കൊണ്ടുവന്നത്. ആ കേസും മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു.
Related News