ദമാം: ജോലിയുടെ ഭാഗമായി റിയാദില്‍ നിന്നും ദമാമിലേക്ക് വരുന്ന വഴി വാഹനാപകടത്തില്‍ പരിക്ക് പറ്റി ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരൂര്‍ പരിയാപുരം സ്വദേശി പുഴക്കര അബ്ദുല്‍ സമദ് (46) മരിച്ചു. കാലിനും തോളെല്ലിനും കാര്യമായ പരിക്ക് പറ്റിയത് മൂലം സര്‍ജറിക്ക് വിധേയനാവുകയും സര്‍ജറിക്ക് ശേഷം ഹ്യദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ദമാമില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെ അല്‍ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപകടം. സ്വദേശി പൗരന്‍ ഓടിച്ച വാഹനം അബ്ദുല്‍ സമദിന്റെ പിക്കപ്പ് വാനില്‍ ഇടിക്കുകയും വാഹനം മറിയുകയായിരുന്നു. പുഴക്കര സൈനുദ്ധീന്‍- കുഞ്ഞിമാച്ചൂട്ടി ദമ്പതികളുടെ മകനായ അബ്ദുല്‍ സമദ് രണ്ട് വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. നേരെത്തെ ദുബായിലും ഒമാനിലും പ്രവാസിയായിരുന്നു. ജസീറയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്. ഡെല്‍റ്റ ഇലക്ട്രിക്കല്‍ & മെക്കാനിക്കല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടില്‍ കൊണ്ട് പോയി ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി മാനേജ്മെന്റിനോടൊപ്പം കെ.എം.സി.സി. അല്‍ കോബാര്‍ ഏരിയ കമ്മറ്റി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
Related News