ജിദ്ദ: ആണവ വിഷയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഇറാന്‍ - അമേരിക്കന്‍ നീക്കങ്ങള്‍, ട്രംപ് ഉയര്‍ത്തുന്ന സായുധ ഭീഷണികള്‍, പലസ്തീനിലെ ഇസ്രയേല്‍ നരനായാട്ട് തുടങ്ങിയ പരമപ്രധാനമായ മേഖലാ - ആഗോള വിഷയങ്ങള്‍ സജീവമായ സാഹചര്യത്തില്‍ സുപ്രധാന സൗദി - ഇറാന്‍ കൂടിക്കാഴ്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇറാന്‍ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരിയുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയത്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ചായിരുന്നു സന്ദര്‍ശനം. സൗദി ഭരണകൂടത്തിന്റെ താല്പര്യപ്രാകാരമുള്ള ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൗദി പ്രതിരോധ മന്ത്രി ഇറാന്‍ തലസ്ഥാനത്ത് വ്യാഴാഴ്ച കാലത്ത് എത്തുകയായിരുന്നു.
രാജ്യാന്തര തലത്തിലും മേഖലയില്‍ വിശേഷിച്ചും സ്‌തോഭജനകമായ സാഹചര്യങ്ങള്‍ നിലനിക്കുന്ന ആനുകാലിക സംഭവ വികാസങ്ങളില്‍ എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിക്കുന്ന സൗദിയുടെ നീക്കങ്ങള്‍ക്ക് മറ്റെന്തിനേക്കാളും ഫലം കാണുമെന്നാണ് നിരീക്ഷണം. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍, സൗദി പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ടെഹ്റാനുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താല്‍പ്പര്യമുള്ള പൊതു വിഷയങ്ങളും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി എസ് പി എ അറിയിച്ചു.
സ്ഥിരതയും രാജ്യാന്തര, പ്രാദേശിക സഹകരണവും പ്രോത്സാഹിപ്പിക്കുക, രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായേക്കാവുന്ന വിവിധ വിഷയങ്ങളില്‍ ധാരണയിലെത്താന്‍ ക്രിയാത്മകമായ സംഭാഷണങ്ങള്‍ സ്വീകരിക്കുക, സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും അവയുടെ കാരണങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗങ്ങളായി രാഷ്ട്രീയ, നയതന്ത്ര സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുക, രാജ്യങ്ങള്‍ക്കിടയില്‍ ഫലപ്രദമായ സഹകരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സൗദിയുടെ വിദേശനയം. ഉക്രൈന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് സൗദിയുടെ മണ്ണില്‍ വെച്ച് കഴിഞ്ഞ മാസം നടന്ന നീക്കങ്ങള്‍ വലിയ പ്രതീക്ഷയാണ് ഉയര്‍ത്തിയത്.
രാജ്യത്തിന്റെ പ്രാദേശിക ബന്ധങ്ങള്‍ ഇപ്രകാരമാണ്: ഭൂമിശാസ്ത്രപരമായ സാമീപ്യം, നല്ല അയല്‍പക്കം, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധങ്ങള്‍ എന്നിവയുടെ പരിഗണനകളെ അടിസ്ഥാനമാക്കി, വിദേശനയത്തിന്റെ നെടുംതൂണുകള്‍ കൈവരിക്കുന്നതിനുള്ള സമഗ്രമായ സമീപനത്തിലൂടെ, മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും, എല്ലാ രാജ്യങ്ങള്‍ക്കും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും, സുസ്ഥിരവും നിലനില്‍ക്കുന്നതുമായ സമാധാനം കൈവരിക്കുന്നതിനും, മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഫലപ്രദമായ സഹകരണപരവും സംയോജിതവുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യം ഇറാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നു.
2023 മാര്‍ച്ചില്‍ സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനുശേഷം, സമാധാനവും രാഷ്ട്രീയ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മേഖലയെ ബാധിക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാക്കുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിബദ്ധത കാണിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ്, ഉഭയകക്ഷി ബന്ധങ്ങളും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്റെ ഇറാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം.
- അക്ബര്‍ പൊന്നാനി
Related News