ജിദ്ദ: സൗദി അറേബ്യയുടെ ആരോഗ്യമേഖലാ പരിവര്‍ത്തന പദ്ധതിയായ 'ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാം' രാജ്യത്തിന്റെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം കുറിച്ചു. ശരാശരി ആയുസ്സ് 2016 ല്‍ 74 വര്‍ഷമായിരുന്നത് 2024 ല്‍ 78.8 വര്‍ഷമായി ഉയര്‍ന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ ഒന്നായ ഈ നേട്ടം, ആരോഗ്യമേഖലയില്‍ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങളുടെ ഫലമാണ്.
'എല്ലാ നയങ്ങളിലും ആരോഗ്യം' എന്ന ആശയം പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യവസ്തുക്കളിലെ ഹൈഡ്രോജനൈറ്റഡ് ഓയിലുകള്‍, ഉപ്പ് തുടങ്ങിയ ഹാനികരമായ ഘടകങ്ങള്‍ കുറയ്ക്കുക, പ്രമേഹം, അമിതവണ്ണം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വ്യാപകമാക്കുക എന്നിവ ഈ പരിഷ്‌കാരങ്ങളില്‍ പ്രധാനമാണ്. രോഗം വരാതെ നോക്കുന്നതിനും, ചികിത്സയുടെ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഈ നടപടികള്‍ സഹായിച്ചു.
ആരോഗ്യ മന്ത്രാലയം ആരംഭിച്ച 'വാക്30' പോലുള്ള ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം നല്‍കി. ദിവസവും നടക്കുന്നത് ഒരു ശീലമാക്കുന്നതിനും ആരോഗ്യത്തിന് അത് എത്രത്തോളം പ്രയോജനകരമാണെന്നും ഈ കാമ്പെയ്‌നുകള്‍ ഓര്‍മ്മിപ്പിച്ചു.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭിക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കുകയും, രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഈ ശ്രമങ്ങളെല്ലാം പൊതുജനാരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സഹായിച്ചു.
ഈ പുരോഗതി ആരോഗ്യ പരിവര്‍ത്തനത്തിന്റെ തന്ത്രപരമായ ലക്ഷ്യത്തിന് അനുസൃതമാണ്. 2030 ഓടെ രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വര്‍ഷമായി ഉയര്‍ത്തുക എന്നതാണ് ഈ ലക്ഷ്യം. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും ആരോഗ്യമേഖല പ്രതിജ്ഞാബദ്ധമാണെന്ന് ഈ നേട്ടങ്ങള്‍ അടിവരയിടുന്നു.
Related News