റിയാദ്: ദ്വിദിന സന്ദര്‍ശനത്തിന് ഇന്ന് സൗദിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി അപേക്ഷ നല്‍കിയ അര ലക്ഷത്തിലേറെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഇക്കൊല്ലത്തെ ഹജ്ജിനുള്ള അനുമതി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതു ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രധാനമന്ത്രിക്കും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും കത്തയച്ചു.
ജീവിത സാഫല്യം നിറവേറ്റാന്‍ കാത്തുകഴിയുന്ന ആയിരങ്ങള്‍ക്ക് അവസരമൊരുക്കുന്നതില്‍ നയതന്ത്രതലത്തില്‍ പരമാവധി ശ്രമം നടത്തണമെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും സൗദി കെ.എം.സി.സി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി, പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള തുടങ്ങിയവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയില്‍നിന്ന് 52,000 പേര്‍ക്കുള്ള അനുമതി വെട്ടിക്കുറച്ച സൗദിയുടെ നടപടി പിന്‍വലിക്കാനുള്ള സമ്മര്‍ദം പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടായാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സൗദി ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹാരം കാണാനും സാധിച്ചാല്‍ പുണ്യകര്‍മം നിര്‍വഹിക്കാനൊരുങ്ങി നില്‍ക്കുന്ന ആയിരക്കണക്കിന് തീര്‍ഥാടകരുടെ ആശങ്കക്കു അറുതി വരുത്താനാവും.
ഇന്ത്യക്ക് അനുവദിച്ച ക്വാട്ട പൂര്‍ണമായും അനുവദിച്ചുകിട്ടുന്നതില്‍ സൗദി ഹജ്ജ് മന്ത്രാലയവുമായി ഇന്ത്യന്‍ എംബസി നയതന്ത്ര തലത്തില്‍ ശ്രമം തുടരണം. ഹജ്ജ് യാത്രക്കൊരുങ്ങാന്‍ സമയമായിരിക്കെ ഏറെ ആശങ്കാകുലരാണ് തീര്‍ഥാടകര്‍. പ്രശ്‌നപരിഹാരത്തിന് ഏത് വിധേനയും ശ്രമിക്കണമെന്ന് കെ.എം.സി.സി നല്‍കിയ കത്തില്‍ അപേക്ഷിച്ചു.
Related News