ജിദ്ദ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യയിലേക്കു പുറപ്പെട്ടു. ഏതാനു നിമിഷങ്ങള്‍ക്കകം മോദി ജിദ്ദയിലെത്തിച്ചേരും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് മോദി സൗദിയിലെത്തുന്നത്. മോദിയോടുള്ള ആദര സൂചകമായി റോയല്‍ സൗദി എയര്‍ ഫോഴ്‌സിന്റെ എഫ് 15 ഫൈറ്റര്‍ ജെറ്റുകള്‍ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തെ അനുഗമിക്കുന്നുണ്ട്.
തന്ത്രപ്രധാനമായ പരസ്പര പങ്കാളിത്തം പരിരക്ഷിക്കുന്ന രണ്ടു സൗഹൃദ രാജ്യങ്ങളായ ഇന്ത്യയ്ക്കും സൗദി അറേബ്യക്കും ഇടയില്‍ വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം എന്നിവയില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ചര്‍ച്ചകളായിരിക്കും മോഡിയുടെ സൗദി സന്ദര്‍ശന വേളയില്‍ മുഖ്യമായും ഉണ്ടാവുകയെന്നറിയുന്നു.
2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോഡിയുടെ മൂന്നാമത്തെ ഔദ്യോഗിക സൗദി അറേബ്യന്‍ സന്ദര്‍ശനമായിരിക്കും ഇത്. ദ്രുതഗതിയിലുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ കോണുകളില്‍ പ്രമുഖരായ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കും എടുക്കുന്ന തീരുമാനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് രാജ്യാന്തര തലത്തില്‍ നിരീക്ഷകര്‍ കല്പിക്കുന്നത്.
ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യൂറോപ്പ് ഇടനാഴിയുടെ (IMEEC) പുനരുജ്ജീവനം, പ്രതിരോധ പങ്കാളിത്തം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജ സഹകരണം എന്നിവയിലുള്ള പുതിയ നീക്കങ്ങളെല്ലാം മേഖലാടിസ്ഥാനത്തിലും രാജ്യാന്തര തലത്തിലും സുപ്രധാന കാല്‍വെപ്പുകാലായിരിക്കും. ഇവയെല്ലാം മോഡിയുടെ സന്ദര്‍ശനത്തിലെ അജണ്ടയിലെ മുഖ്യ വിഷയങ്ങളാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഊര്‍ജ്ജ സുരക്ഷാ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുഹൃത്താണ് സൗദി അറേബ്യ. അവരുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. നാളിതു വരെയുള്ള ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വം ഇന്‍ഡോ - സൗദി ബന്ധങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യമാണ് നല്‍കി വന്നിട്ടുള്ളതും.
വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്താനുള്ള ലക്ഷ്യപൂര്‍ണവും ആത്മാര്‍ത്ഥവുമായ നീക്കങ്ങള്‍ ആണ് സന്ദര്‍ശനത്തിന്റെ ഫലമായി പ്രതീക്ഷിക്കപ്പെടുന്നത്.
Related News