റിയാദ്: കൗമാരങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരിയെന്ന മഹാ വിപത്ത് നമ്മുടെ ഇടയില്‍ ഒരു ദുരന്തമായി മാറിയിരിക്കുന്നു. കുട്ടികള്‍ അരുതാത്ത വഴികളിലേക്കു നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ കുടുംബങ്ങള്‍ക്കും പോലീസിനും മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് പ്രസിഡന്റ് സലീം കളക്കര. ലഹരിക്കെതിരെ ഒഐസിസി റിയാദ് വനിതാവേദി മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'എ വേക്ക് അപ്പ് കോള്‍ ഫോര്‍ ടീന്‍സ് & പാരന്റ്‌സ്' പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി റിയാദ് വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. വനിതാവേദി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജാന്‍സി പ്രഡിന്‍ ആമുഖ പ്രസംഗം നടത്തി. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, സുരേഷ് ശങ്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീന്‍ സ്വാഗതവും, ട്രഷറര്‍ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബര്‍ ഭീഷണികള്‍, സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിത്യസ്ത വിഷയങ്ങള്‍ ആസ്പദമാക്കി ലൈഫ് കോച്ചും തെറാപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാന്‍ വിവിധ സെഷനുകളായി ക്ലാസുകള്‍ നടത്തി. തുടര്‍ന്ന് ശ്രോതാക്കളുടെ നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടികളും അവര്‍ നല്‍കി. പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവിനാലും ഏറെ ശ്രദ്ധേയമായി
പരിപാടിയുടെ ഭാഗമായി റിയാദ് കലാഭവന്‍ ഒരുക്കിയ ' ഇരകള്‍ 'എന്ന ലഘുനാടകം അവതരണ മികവ് കൊണ്ട് സദസ്സിനെ ചിന്തിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായ ഒട്ടനവധി മുഹുര്‍ത്തങ്ങള്‍ക്ക് സാക്ഷ്യമായി. ലഹരി തകര്‍ക്കുന്ന ജീവിതവും, നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അനാവരണം ചെയ്ത്, അമ്മയുടെ രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കയറില്‍ അവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ടെ കൗമാരം വരെ രംഗത്ത് തകര്‍ത്താടി. 'കാലനും കള്ളനാ ....കാലനും കള്ളപ്പണി ചെയ്യുവാ, എന്തിന്റെ പേരിലാണെങ്കിലും കാലാ എടോ കാലാ...എം ഡി എം എ യോ കഞ്ചാവോ ബ്രൗണ്‍ ഷുഗറോ എന്തുമാവട്ടെ, ജന്മം നല്‍കിയ മാതാപിതാക്കളെ കൊല്ലാനുള്ള ജോലി എന്തിനാടാ ഈ യുവത്വത്തെ ഏല്‍പ്പിച്ചത് ' എന്ന ചോദ്യത്തോടെയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള 'ഇരകള്‍' അവസാനിക്കുന്നത്.
നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഷാരോണ്‍ ഷരീഫാണ്. ഭാവാഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേയ്ക്കു കാണികളെ കൊണ്ടുപോയ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത് ദീക്ഷ വിനീഷ് ആണ്. മുഹമ്മദ് ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, റംഷി മുത്തലിബ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്.
റിയാദ് കലാഭവന്‍ പ്രവര്‍ത്തകരായ അലക്സ് കൊട്ടാരക്കര (പശ്ചാത്തല നിയന്ത്രണം), സിജോ ചാക്കോ (കോര്‍ഡിനേറ്റര്‍), വിജയന്‍ നെയ്യാറ്റിന്‍കര (ക്യാമ്പ് നിയന്ത്രണം), ഷാജഹാന്‍ കല്ലമ്പലം (കണ്‍ട്രോളര്‍), കൃഷ്ണകുമാര്‍ (മ്യൂസിക് റക്കോര്‍ഡിംഗ്), നിസാം പൂളക്കല്‍ (സാങ്കേതിക സഹായം), അസീസ് ആലപ്പി (ഓഫീസ് നിര്‍വ്വഹണം), ഷിബു ചെങ്ങന്നൂര്‍ (സാരഥി) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
ചടങ്ങില്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായ റോയല്‍ ഫ്യൂച്ചര്‍ പ്രതിനിധി ജംഷീദ്, പ്രമുഖ മോട്ടിവേറ്റര്‍ സ്പീക്കര്‍ സുഷമ ഷാന്‍, റിയാദ് കലാഭവന്‍ നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള ഫലകവും സമ്മാനങ്ങളും റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ പുഷ്പരാജ്, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, മൃദുല വിനീഷ്,ബി.എന്‍.ബി പ്രതിനിധി ഫൈസല്‍ തമ്പോലക്കാടന്‍ തുടങ്ങിയവര്‍ സമ്മാനിച്ചു.
ചടങ്ങില്‍ ലഹരിക്കെതിരെ അന്‍സാര്‍ അബ്ദുല്‍ സലാം ആലപിച്ച കവിതയും ഏറെ ശ്രദ്ധേയമായി. സിംന നൗഷാദ്, മോളിഷ സജേ, ദയ ആന്‍ പ്രഡിന്‍, സൈന നാസര്‍, സാലിഹ് മുഹിയിദ്ദീന്‍, ഷിബില്‍ സിദ്ദീഖ് തുടങ്ങിയവര്‍ റജിഷ്ട്രേഷന് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ജാന്‍സി പ്രഡിന്‍ പരിപാടിയുടെ അവതാരികയായി.
Related News