ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ആഗോള മുസ്ലിം വേദിയായ മുസ്ലീം വേൾഡ് ലീഗ് (റാബിത്വ). നിരവധി നിരപരാധികൾക്ക് ജീവഹാനി ഉണ്ടായ ഭീകരാക്രമണം തികച്ചും അപലപനീയമാണ്. ആക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. ഭീകരാക്രമണത്തെ എല്ലാ അർത്ഥത്തിലും നിരാകരിക്കുന്നതോടൊപ്പം അതിനെ ഏതെങ്കിലും മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയുന്നതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഭീകരത സംബന്ധിച്ചുള്ള തങ്ങളുടെയും എല്ലാ മുസ്ലിം രാജ്യങ്ങളുടെയും നിലപാട് ഇത് തന്നെയാണെന്ന് മക്ക ആസ്ഥാനമായ മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ തുടർന്നു. സംഭവത്തിൽ പരിക്കേറ്റവർ എത്രയും വേഗത്തിൽ ഭേദപ്പെടട്ടെയെന്നും ആശംസിച്ചു.
പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം വളരെ അർത്ഥവത്താണെന്നും റാബിത്വ പ്രസ്താവനയിൽ തുടർന്നു.
തീവ്രവാദത്തിന് ധനസഹായം നൽകൽ, അതിർത്തി കടന്നുള്ള ഭീകരത, അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കൽ, കുറ്റവാളികളെ നീതിപീഠത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കൽ എന്നിവ സംബന്ധിച്ച വിഷയങ്ങളിലുള്ള സൗദി - ഇന്ത്യൻ സഹകരണത്തെ റാബിത്വ ജനറൽ സെക്രട്ടേറിയറ്റ് പ്രശംസിക്കുകയും ചെയ്തു.
✍️ അക്ബർ പൊന്നാനി
Related News