റിയാദ് : ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തെരെഞ്ഞെടുപ്പ് നടന്നു. എട്ടാം തരം ആല്‍ഫയില്‍ നിന്നുള്ള കിഷോര്‍ സന്തോഷ് ഹെഡ്‌ബോയായും അതേ ക്ലാസിലെ മര്‍വി ഉദയ് നസാരെ ഹെഡ്‌ഗേളായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഏഴ് ബീറ്റയില്‍ നിന്നുള്ള അയാന്‍ അസീസും, ഷൈസ നഫീസയും യഥാക്രമം വൈസ് ഹെഡ്‌ബോയായും വൈസ് ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു.
യഥാര്‍ത്ഥ ജനാധിപത്യ രീതിയില്‍ നടന്ന വോട്ടിംഗ് പ്രക്രിയയില്‍ സ്‌കൂള്‍ മാനേജര്‍ അബീര്‍, പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ് മിസ്ട്രസ്സ് വിദ്യ വിനോദ്, സി.ഒ.ഇ ഷാജിന ഷനോജ് , അധ്യാപകര്‍ , മറ്റ് ജീവനക്കാര്‍ , നാല് മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
സുതാര്യമായ രീതിയില്‍ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും ഭരണത്തില്‍ പൗരന്മാര്‍ക്കുള്ള സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രായോഗിക ധാരണ നല്‍കാന്‍ ഈ തെരെഞ്ഞെടുപ്പ് പ്രക്രിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളെ വിദ്യാര്‍ത്ഥി സമൂഹത്തിന് പരിചയപ്പെടുത്തി.
പ്രവര്‍ത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സിബിഎസ്ഇ പാഠ്യ പദ്ധതിയുമായി യോജിപ്പിച്ച അനുഭവ പരിചയ പഠന രീതിയാണ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ മുഖമുദ്ര. വിദ്യാര്‍ത്ഥികളെ ജനാധിപത്യ പ്രക്രിയകളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, ഉത്തരവാദിത്തമുള്ള, മുന്‍കൈയെടുക്കുന്ന പൗരന്മാരെ വളര്‍ത്തിയെടുക്കുക എന്നതാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നത്.
ഫോട്ടോ: കിഷോര്‍ സന്തോഷ്, മര്‍വി ഉദയ്, അയാന്‍ അഹമ്മദ്, ഷൈസ നഫീസ.
Related News