ജിദ്ദ : ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ അംഗങ്ങള്‍ക്കായി നടത്തിയ കായിക ദിനം 'മൈത്രി സ്‌പോര്‍ട്‌സ് മീറ്റ് 2025' വര്‍ണശബളമായ പരിപാടികളോടെ പരിസമാപിച്ചു. ഇന്ത്യന്‍ ദേശീയ പതാകയിലെ 3 വര്‍ണ്ണങ്ങളെ (ഓറഞ്ച്, വൈറ്റ്, ഗ്രീന്‍) പ്രതിനിധീകരിച്ച് മൊത്തം അംഗങ്ങങ്ങളെ 3 ഹൗസുകള്‍ ആക്കി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. രണ്ടാഴ്ച നീണ്ടു നിന്ന ഇന്‍ഡോര്‍ മത്സരങ്ങളും 2025 ഏപ്രില്‍ 18 വെള്ളിയാഴ്ച നടന്ന ഔട്ട് ഡോര്‍ മത്സരങ്ങളോടെയുമായിരുന്നു കായിക ദിനത്തിന്റെ തിരശീല വീണത്. സമാപന ദിനം ത്രിവര്‍ണ ജേഴ്സി അണിഞ്ഞ അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് സമാരംഭിച്ചത്. മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കല്‍ അധ്യക്ഷത വഹിച്ച സമാപന ചടങ്ങ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി, കെഎംസിസി നേതാവ് നാസര്‍ വെളിയങ്കോട്, നോര്‍ക്ക ലീഗല്‍ അഡൈ്വസര്‍ അഡ്വക്കറ്റ് ഷംസുദ്ദിന്‍, മുസ്തഫ മാസ്റ്റര്‍, പ്രവാസി സാഹിത്യകാരി റജിയ വീരാന്‍, ജിദ്ദ കേരള എഞ്ചിനീയേഴ്സ് ഫോറം നേതാവ് ഇക്ബാല്‍ പൊക്കുന്നു, മൈത്രി അംഗവും ജിദ്ദയുടെ ജനകീയ ഡോക്ടറുമായ വിനീത പിള്ള, സാമൂഹിക പ്രവര്‍ത്തകനായ വാസു എന്നിവര്‍ സല്യൂട് സ്വീകരിച്ചു ആശംസകള്‍ നേര്‍ന്നു. മൈത്രി ജനറല്‍ സെക്രട്ടറി നവാസ് ബാവ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ കിരണ്‍ കലാനി നന്ദിയും പറഞ്ഞു.
വാശിയേറിയ കായിക മത്സരങ്ങളില്‍ അബിന്‍രാജ് - റെജില സഹീര്‍ നേതൃത്വം നല്‍കിയ ഗ്രീന്‍ ഹൗസ് കൂടുതല്‍ പോയിന്റ് നേടി ചാമ്പ്യന്‍മാരായി കള്ളിയത്ത് അബൂബക്കര്‍ ഹാജി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കി. സഹീര്‍ മാഞ്ഞാലി-റംസീന സക്കീര്‍ നേതൃത്വം നല്‍കിയ വൈറ്റ് ഹൗസും, ഉനൈസ് -ആയിഷ ഫവാസ് നേതൃത്വം നല്‍കിയ ഓറഞ്ച് ഹൗസും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രവാസ ജീവിതത്തില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ പുസ്തകത്തിലും മൊബൈലിലും ധ്യാനിച്ചിരിക്കുന്ന കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ വളരെ പ്രയോജനം ചെയ്യുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്കും ഇത്തരം മത്സരങ്ങള്‍ അവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനും നാട്ടില്‍ മറന്നു വെച്ച അഭിരുചികളെ വീണ്ടെടുക്കാന്‍ ഉള്ള അവസരങ്ങള്‍ ഒരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൈത്രി കള്‍ച്ചറല്‍ സെക്രട്ടറി നൂറുന്നീസ ബാവായുടെ ഏകോപനത്തില്‍ നടത്തപ്പെട്ട കായികമേളയില്‍ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉല്ലാസ് അടൂര്‍ സ്മാരക വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫി 25 പോയിന്റ് നേടിക്കൊണ്ട് ആര്‍സു കാരപ്പഞ്ചേരി എന്ന കൊച്ചു മിടുക്കി കരസ്ഥമാക്കി. പുരുഷ വിഭാഗം കാരംസില്‍ എ പി മുഹമ്മദ് അഷ്റഫ് സ്മാരക ചാമ്പ്യന്‍ ട്രോഫി സുല്‍ഫികര്‍ മാപ്പിള വീടും സ്ത്രീകളുടെ വിഭാഗം കാരംസില്‍ മുസ്തഫ കാട്ടീരി സ്മാരക ചാമ്പ്യന്‍ ട്രോഫി ആയിഷ ഫവാസും കരസ്ഥമാക്കി.
Related News