റിയാദ്; 'മരുഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞന്‍' എന്ന് അറിയപ്പെടുന്ന സൗദി അറേബ്യയിലെ മാല്‍ഫി ബിന്‍ ഷരാന്‍ അല്‍ ഹര്‍ബി (96) അന്തരിച്ചു. അറേബ്യന്‍ ഉപദ്വീപിലെ ജ്യോതിശാസ്ത്രത്തിന്റെയും നക്ഷത്ര നിരീക്ഷണത്തിന്റെയും കഴിഞ്ഞ നൂറ്റാണ്ടിലെ തുടക്കക്കാരില്‍ ഒരാളായിരുന്നു അബു ഷരാന്‍. ഗോത്രവര്‍ഗ്ഗങ്ങളുടെ മരുഭൂമിയിലെ ആദ്യകാല ജ്യോതിശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും അസാമാന്യമായ അറിവിന്റെ ഉറവിടമായിരുന്നു ഇദ്ദേഹം.
ജീവിതകാലം മുഴുവനും വാന നിരീക്ഷണ പഠനങ്ങള്‍ക്കുമായി നീക്കിവെച്ചു. ഇങ്ങനെയുള്ള നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ അറിവുമായി മരുഭൂമിയില്‍ തന്നെ ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 1929ല്‍ ഹായിലിലെ മരുഭൂപ്രദേശത്ത് ജനിച്ച അബു ഷരാന്‍ നക്ഷത്രങ്ങള്‍ക്ക് കീഴിലുള്ള കൂടാരത്തില്‍ താമസിക്കാനും ആടുകളുടെ കൂട്ടത്താല്‍ ചുറ്റപ്പെട്ട് ഗ്രാമീണ ജീവിതം നയിക്കാനുമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. അവിവാഹിതനായ അദ്ദേഹം നഗരങ്ങളിലോ ഗ്രാമങ്ങളിലോ സ്ഥിരതാമസമാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്കും നഗരവാസികള്‍ക്കും, സൗദിയിലെ വാനനിരീക്ഷണ ജ്യോതിശാസ്ത്ര വിജ്ഞാനകുതുകികള്‍ക്കും പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ആശ്രയിക്കാന്‍ കഴിയുന്ന അറിവുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നക്ഷത്രങ്ങളുടെ ചലനവും കാലാവസ്ഥയിലുള്ള അവയുടെ സ്വാധീനവും രേഖപ്പെടുത്തുന്നതില്‍ അബു ഷരാന്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഒരു നൂറ്റാണ്ടിനടുത്തുള്ള ജീവിതത്തില്‍ ആകാശഗോളങ്ങളെ നിരീക്ഷിക്കുകയും അവയുടെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമായുള്ള അറിവ് അറേബ്യയിലുടനീളം ശ്രദ്ധേയമാണ്.
സൗദിയിലെ ആധുനിക വാനനിരീക്ഷണ രംഗത്തെ പ്രമുഖരായ ജ്യോതിശാസ്ത്ര വിദഗ്ദ്ധര്‍ പോലും അബു ഷരാനെ സന്ദര്‍ശിച്ച് അദ്ദേഹത്തില്‍ നിന്ന് അഭിപ്രായം തേടാറുണ്ടായിരുന്നു.
Related News