ജിദ്ദ: ഒരു പ്രദേശത്തെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കല്‍ അവിടെയുള്ള മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് ഇസ്ലാഹി പ്രഭാഷകന്‍ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'ഭീകരാക്രമണം : ഇസ്ലാമിന് പറയാനുള്ളത്' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാചകന്‍ ഇബ്രാഹിം (അ) മക്ക പട്ടണത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത് ആ നാട് നിര്‍ഭയമാക്കാനും അവിടെയുള്ളവര്‍ക്ക് ഉപജീവനം നല്‍കാനുമായിരുന്നു. അതുപോലെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയും സമാധാന ഉടമ്പടികള്‍ ഉണ്ടാക്കുന്നതിനായിരുന്നു എക്കാലത്തും പ്രാധാന്യം നല്‍കിയത്. ഒരു സമൂഹത്തോട് എതിര്‍പ്പുണ്ടെങ്കിലും അവരോട് അനീതി കാണിക്കാന്‍ പാടില്ലെന്നും ഒരു മനുഷ്യനെ കൊന്നാല്‍ ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നും ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിന് തുല്യമാണെന്നുമൊക്കെയാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. താത്വികമായി എല്ലാ മതങ്ങളും അക്രമത്തിന് എതിരാണ്. എന്നാല്‍ പേരില്‍ തന്നെ 'സമാധാനം' എന്ന ആശയം ഉള്‍ക്കൊള്ളുന്ന മതമാണ് ഇസ്ലാം. ഈ ഭീകരാക്രമണത്തിന്റെ ഇടയിലും മതത്തിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ട പല കാശ്മീരി യുവാക്കളുടെ പ്രവര്‍ത്തികള്‍ നമുക്ക് മീഡിയ വഴിയും അനുഭവസ്ഥര്‍ വഴിയും അറിയാന്‍ കഴിഞ്ഞു.
എന്നാല്‍ ഏത് നിലക്കും സമാധാനത്തിന്റെ വക്താക്കളായ ഇസ്ലാമിക വിശ്വാസികളെ അക്രമത്തിന്റെ വിഭാഗമായി ചിത്രീകരിക്കാന്‍ ഇന്ന് തീവ്രമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തെ അരികുവല്‍ക്കരിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യലാണ് ചിലരുടെ ലക്ഷ്യം. ആദ്യം ബാബരി മസ്ജിദില്‍ കൈവെച്ച് പിന്നീട് പല പള്ളികളിലേക്കും നീങ്ങിയ അവര്‍ ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഖഫ് സ്വത്തുക്കളിലേക്ക് വരെ എത്തിയിരിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊക്കെ നമ്മള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സുരക്ഷ ഉപയോഗിച്ച് പോരാടുകയാണ് വേണ്ടതെന്നും ശത്രുക്കളുടെ കെണിയില്‍ വീണുപോകുന്ന രീതിയില്‍ വൈകാരികമായി പ്രതികരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അമീന്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഷാഫി ആലപ്പുഴ നന്ദി പറഞ്ഞു.
Related News