ജിദ്ദ: സൗദി ജനറല്‍ എന്റര്‍ടെയ്‌മെന്റ് അതോറിറ്റി (ജി.ഇ.എ) രാജ്യത്തെ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' വിനോദ പരിപാടികള്‍ക്ക് ഇന്ന് ജിദ്ദയില്‍ കൊടിയേറും. ഏപ്രില്‍ 30 മുതല്‍ മെയ് 24 വരെ നീണ്ടുനില്‍ക്കുന്നതാണ് പരിപാടികളില്‍ സംഗീത നൃത്ത പരിപാടികളും ഷോപ്പിംഗ് വിനോദ പരിപാടികളും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ഇന്ത്യ ഉള്‍പ്പടെ നാലു രാജ്യങ്ങളുടെ പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യ പാസിന് webook.com എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ജിദ്ദ ഷറഫിയ്യക്കടുത്ത് അല്‍വുറുദ് ഡിസ്ട്രിക്ടിലാണ് ഉത്സവം് അരങ്ങേറുക. അതിവിപുലമായ പാര്‍ക്കിംഗ് സംൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇന്ന് ഫിലിപ്പൈന്‍സ് ഫെസ്റ്റോടുകൂടിയാണ് 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' ന് തുടക്കം. മെയ് 14 മുതല്‍ 17 വരെയാണ് ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍. കേരളത്തില്‍നിന്ന നടനും റാപ്പറുമായ നീരജ് മാധവ് പരിപാടിയില്‍ പങ്കെടുക്കും. ബോളിവുഡ് പിന്നണി ഗായകരായ മുഹമ്മദ് ഡാനിഷ്, പ്രകൃതി കാക്കര്‍, ജൂബിന്‍ നൗട്ടിയാല്‍ എന്നിവരും ഇന്ത്യയുടെ പരിപാടികളില്‍ പങ്കെടുക്കും.
മെയ് ഏഴ് മുതല്‍ 10 വരെ ബംഗ്ലാദേശ് പരിപാടികളും 21 മുതല്‍ 24 വരെ സുഡാനി പരിപാടികളുമാണ് അരങ്ങേറുക. സൗദി അറേബ്യയിലെ പ്രവാസി സമൂഹങ്ങള്‍ക്കായി ജി.ഇ.എ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്നാണിത്. ഓരോ രാജ്യത്തിന്റെയും നാടോടി കലാരൂപങ്ങള്‍, തുണിത്തരങ്ങള്‍, പ്രകൃതി ഘടകങ്ങള്‍, വാസ്തുവിദ്യ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ദൃശ്യ രൂപകല്‍പ്പനയും കലാപരികളുമാണ് 'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' ല്‍ അരങ്ങേറുക. ഓരോ രാജ്യത്തിന്റെയും സാംസ്‌കാരിക വിനിമയം സാധ്യമാക്കുകയും അടുത്തറിയുകയുമാണ് ഇതുവഴി സാധ്യമാക്കുന്നത്.
പരമ്പരാഗത വസ്ത്രങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍, നൃത്ത പ്രകടനങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഓരോ പവലിയനിലും പ്രത്യേക സ്ഥലങ്ങളുണ്ടാകും. കൂടാതെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള വിപണികള്‍, തിയേറ്ററുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകും. എക്രോസ് കള്‍ച്ചര്‍, ഗതറിങ്ങ് എന്നീ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിനോദപരിപാടികള്‍. സൗദിയിലെ ജീവിത നിലവാരം വര്‍ധിപ്പിക്കാനുള്ള 'വിഷന്‍ 2030' ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ ഫെസ്റ്റില്‍ ഒപ്പന, ബോളിവുഡ് ഡാന്‍സ്, മുട്ടിപ്പാട്ട്, കളരി, ഭാന്‍ഗ്ര നൃത്തം എന്നീ നാടോടി കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വര്‍ണശബളമായ ഘോഷയാത്രയാണ് നടക്കുക. കലാവിഷ്‌കാരങ്ങള്‍, രുചി വൈവിധ്യങ്ങള്‍, പരമ്പരാഗത കരകൗശല പ്രദര്‍ശനം തുടങ്ങി വ്യത്യസ്ത പരിപാടികളായിരിക്കും അരങ്ങേറുക. വൈകീട്ട് നാലു മുതല്‍ 12 വരെയാണ് പരിപാടികള്‍. കുട്ടികള്‍ക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
'പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്' ഉത്സവത്തിന്റെ ആദ്യ ഘട്ടം ദമ്മാം അല്‍ ഖോബാറിലായിരുന്നു. കഴിഞ്ഞ ഒരുമാസമായി അല്‍ ഖോബാറിലെ ഇസ്‌കാന്‍ പാര്‍ക്കില്‍ നടന്നുവരുന്ന പരിപാടി ഈയാഴ്ച സമാപിക്കും.
Related News