റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 'ഫിനാന്‍ഷ്യല്‍ ഫ്രീഡം വര്‍ക്ക്ഷോപ്പ്' ശ്രദ്ധേയമായി. പ്രവാസലോകത്ത് പതിറ്റാണ്ടുകളോളം കഠിനാധ്വാനം ചെയ്ത പ്രവാസികളില്‍ ശിഷ്ട ജീവിതത്തിനു വേണ്ടിയും ഭാവിയിലേക്കുള്ള ചിലവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയും നിലവിലെ സാമ്പത്തിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പടിപടിയായി എങ്ങിനെ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതിനെ ആസ്പദമാക്കിയായിരുന്നു ശില്‍പശാല.
പ്രായഭേദമന്യേ സംഘടനയിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ശില്‍പശാലയില്‍ പങ്കെടുത്തു. വളരെ നല്ല രീതിയില്‍ തന്നെ എങ്ങനെ മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഗോള്‍ഡ് തുടങ്ങിയവയില്‍ ലളിതമായി നിക്ഷേപിക്കാമെന്നും അതിലൂടെ ഭാവിയിലേക്ക് ഒരു സാമ്പത്തിക ഭദ്രത എങ്ങനെ ഉണ്ടാക്കാം എന്നുള്ള വിഷയങ്ങളും അതിന്റെ അവലോകനങ്ങളും പരിചയപ്പെടുത്തലുകളും നടത്തി. ഈ മേഖലയില്‍ സ്വയം പര്യാപ്തതയോടു കൂടി വര്‍ഷങ്ങളായി വിജയകരമായി നിക്ഷേപം നടത്തുകയും അതിനെ കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും ചെയ്യുന്ന നിര്‍വാഹക സമിതി അംഗം കൂടിയായ അബ്ദുല്ലത്തീഫ് നടുക്കണ്ടി സ്വയം അനുഭവം മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊണ്ട് നിക്ഷേപ സാധ്യതയിലേക്ക് അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. സദസ്സിലെ പരിചയ സമ്പന്നരായ നിക്ഷേപകരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ശില്‍പശാലയുടെ അവസാനം ഒരു നിക്ഷേപ സൗഹൃദ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അംഗങ്ങള്‍ക്ക് മുന്നിലേക്ക് നിക്ഷേപങ്ങള്‍ക്കുള്ള വളണ്ടിയറിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാനും അവര്‍ക്കിടയില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കാനുമുള്ള നിതാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് ടി.എം.ഡബ്ലു.എ റിയാദ് വിജ്ഞാനപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം സ്വാഗതവും മുതിര്‍ന്ന അംഗം ഷഫീഖ് പി.പി നന്ദിയും പറഞ്ഞു. മുഹമ്മദ് നജാഫ് അവതാരകനായിരുന്നു.
Related News