ജിദ്ദ: പ്രശസ്ത പണ്ഡിതനും 1990 കളില്‍ സൗദിയിലെ തനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ഇ.എന്‍ അബ്ദുല്ല മൗലവിയുടെ വേര്‍പാടില്‍ തനിമ കേന്ദ്ര സമിതി അനുശോചിച്ചു. സൗദിയിലെ വിവിധ നഗരങ്ങളില്‍ തനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിലും മലയാളി യുവാക്കളടക്കമുള്ള കൂടുതല്‍ പേരെ സാമൂഹിക, സേവന രംഗങ്ങളിലെത്തിക്കുന്നതിലും ഇ.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന അബ്ദുല്ല മൗലവി എക്കാലത്തും ഓര്‍മിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിരുന്നത്.
റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ സൗദിയിലെ ചെറിയ പ്രദേശങ്ങള്‍ പോലും സന്ദര്‍ശിച്ച് അവിടങ്ങളില്‍ താമസിച്ച് തനിമയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഹൃദ്യമായ പെരുമാറ്റവും പണ്ഡിതോചിതമായ പ്രഭാഷണങ്ങളും പ്രവാസികളെ ധാരാളമായി ആകര്‍ഷിച്ചു. പൊതുവേദികളിലും ജാലിയാത്തുകളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിരുന്നു. വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ ഒന്നിപ്പിക്കുന്നതിലും അബ്ദുല്ല മൗലവി നല്‍കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടും. ഹജ് യാത്രാ സംഘങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
അന്ധവിശ്വാസങ്ങളില്‍നിന്നും തീവ്രചിന്താഗതികളില്‍നിന്നും പിന്തിരിയാന്‍ പ്രാപ്തരാക്കിയതോടൊപ്പം സേവന സംരംഭങ്ങളില്‍ യോജിപ്പോടെ മുന്നേറുന്നതിന് പ്രവാസിമലയാളികളെ സജ്ജരാക്കിയതില്‍ സൗദിയിലുണ്ടായിരുന്ന കാലത്ത് അബ്ദുല്ല മൗലവി നിര്‍വഹിച്ച സേവനങ്ങള്‍ എടുത്തുപറയേണ്ടതാണെന്ന് തനിമ കേന്ദ്രസമിതി അനുസ്മരിച്ചു.
Related News