കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മരിച്ച മലയാളി ദമ്പതികളായ സൂരജിന്റെയും ബിന്‍സിയുടേയും മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ (തിങ്കളാഴ്ച) നാട്ടിലെത്തിക്കാനായേക്കും. ഇന്ന് പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. സംസ്‌കാരം ചൊവ്വാഴ്ച നടത്തും.
കുവൈറ്റിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ നടുവില്‍ സ്വദേശിയായ സൂരജ് കുഴിയത്ത് ജോണ്‍ (40), ഭാര്യ എറണാകുളം പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിനിയായ ബിന്‍സി (35) എന്നിവരെ കുവൈറ്റ് അബ്ബാസിയയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വാക്കു തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പറയുന്നു.
ഇവരുടെ മക്കളായ ഒന്‍പതും ആറും വയസുള്ള കുട്ടികള്‍ ബിന്‍സിയുടെ വീട്ടുകാരോടൊപ്പമാണ് കഴിയുന്നത്. വെക്കേഷന് ഇവരെ കുവൈറ്റിലേക്ക് കൊണ്ടുപോയിരുന്നു. കുട്ടികളെ നാട്ടിലേക്ക് തിരികെയെത്തിച്ച് സൂരജും ബിന്‍സിയും ഏപ്രില്‍ 29നാണ് കുവൈറ്റിലേക്ക് മടങ്ങിയത്.
ബിന്‍സിയെ കൊലപ്പെടുത്തിയശേഷം സൂരജ് സുഹൃത്തുക്കളെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിക്കുകയും തന്റെ വാട്‌സാപ് പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസുകളും നീക്കം ചെയ്തിരുന്നതായും പറയുന്നു. സംഭവത്തില്‍ കുവൈറ്റ് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Related News