ജിദ്ദ: ആന്തലൂസിയയില്‍നിന്ന് മക്കയിലേക്ക് കുതിരപ്പുറത്ത് ഒരു തീര്‍ഥാടന യാത്ര. ഒരു കൂട്ടം സ്പാനിഷ് തീര്‍ഥാടകരുടെ 35 വര്‍ഷത്തെ അസാധാരണ സ്വപ്നം ഒടുവില്‍ പൂവണിയുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ തീര്‍ഥാടനത്തിനായി നടത്തിയ ആന്തലൂസിയയില്‍നിന്നു (ഇന്നത്തെ സ്പെയിന്‍) മക്കയിലേക്ക് കുതിരപ്പുറത്തുള്ള യാത്രയെ പുനരാവിഷ്‌കരിക്കുകയാണ് ഈ തീര്‍ഥാടകര്‍. വിശ്വാസവും പൈതൃകവും ഒത്തുചേര്‍ന്ന ഒരു അതുല്യ അനുഭവമായിരിക്കും ഇതെന്ന് അവര്‍ കരുതുന്നു.
അഗാധമായ വിശ്വാസവും സാംസ്‌കാരിക പൈതൃകവുമാണ് അവരെ സ്പെയിനില്‍ നിന്ന് മക്കയിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചത്. മാസങ്ങളോളം നീണ്ട ഈ യാത്ര നിരവധി രാജ്യങ്ങള്‍ പിന്നിട്ട്, ഒടുവില്‍ ജോര്‍ദാനില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ പ്രൊഫസര്‍ അബ്ദുള്ള ഹെര്‍ണാണ്ടസ്, താന്‍ 35 വര്‍ഷമായി ഈ യാത്ര ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അതിനായുള്ള മുന്നൊരുക്കമെന്നോണം മൂന്ന് ദീര്‍ഘകാല പരിശീലന യാത്രകള്‍ നടത്തിയെന്നും പറഞ്ഞു. വെല്ലുവിളികള്‍ കുറവായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്ര പുറപ്പെടുന്നതിന് ഒരു മാസം മുമ്പ്, സാമ്പത്തിക സഹായത്തിന്റെയും പിന്തുണയുടെയും അഭാവംമൂലം എല്ലാ പങ്കാളികളും പിന്മാറി.
'ഇബ്നു ബത്തൂത്തയെപ്പോലെ ആരുടെയും സഹായമില്ലാതെ പുറപ്പെടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. യൂറോപ്പിലൂടെ ശൈത്യകാലത്ത് കടന്നുപോകുന്നത് അസാധ്യമാണെന്നും കുതിരകള്‍ അതിജീവിക്കില്ലെന്നും ഈ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ പ്രായം ചെന്ന തനിക്ക് കഴിയില്ലെന്നും എല്ലാവരും ഞങ്ങളോട് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ സൗദി അറേബ്യയുടെ കവാടത്തിലെത്തുന്നതുവരെ യാത്ര തുടരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുന്നതില്‍ ഹെര്‍ണാണ്ടസ് അതിയായ സന്തോഷം പ്രകടിപ്പിച്ചു. തന്റെ യാത്ര സുഗമമാക്കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
'നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിക്കുകയും അത് നല്ലരീതിയില്‍ ഉദ്ദേശിക്കുകയും ദൈവത്തോട് സഹായം തേടുകയും ചെയ്താല്‍, അവന്‍ അത് നിങ്ങള്‍ക്ക് എളുപ്പമാക്കും, കാരണം അവന്‍ സര്‍വ്വശക്തനാണ്.- ഖുര്‍ആന്‍ ഉദ്ധരിച്ച് ഹെര്‍ണാണ്ടസ് പറഞ്ഞു.
സ്പാനിഷ് തീര്‍ഥാടകനായ അബ്ദുല്‍ഖാദര്‍ ഹര്‍കാസി പറഞ്ഞത്, തങ്ങളുടെ പൂര്‍വ്വികരുടെ പതിവനുസരിച്ച് ഇസ്ലാമിക- അന്തലൂസിയന്‍ പൈതൃകത്തെ അനുസ്മരിക്കാനാണ് കുതിരപ്പുറത്ത് വന്നതെന്നാണ്. യൂറോപ്പിലെ തണുപ്പുള്ള കാലാവസ്ഥ കാരണം യാത്ര വളരെ ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കടന്നുപോയ വിവിധ രാജ്യങ്ങളില്‍നിന്ന് നല്ല പിന്തുണ ലഭിച്ചുവെന്ന് ഹര്‍കാസി പറഞ്ഞു. ഇറ്റലിയില്‍ വെച്ച് കണ്ടുമുട്ടുകയും ഒരു യാത്രാ വാഹനം സമ്മാനിക്കുകയും ചെയ്ത സൗദി പൗരനായ അബ്ദുള്‍റഹ്‌മാന്‍ അല്‍-മുതൈരിക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. യാത്രാവേളയില്‍ ആ വാഹനം ഒരു 'വീട്' പോലെയായിരുന്നു. അല്‍-മുതൈരി തന്റെ ഔദാര്യവും തീര്‍ഥാടകരോടുള്ള കരുതലും കൊണ്ട് സൗദി ജനതയെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News