മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീര്‍ഥാടക സംഘം അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ മക്കയിലെത്തി. ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 തീര്‍ഥാടകരാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മക്കയിലെത്തിയത്. മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ മക്കയില്‍ തീര്‍ഥാടകര്‍ക്ക് ഊഷ്മള വരവേല്‍പ് നല്‍കി. മധുരവും സമ്മാനങ്ങളും നല്‍കിയാണ് ഹാജിമാരെ തീര്‍ഥാടകര്‍ക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കെ.എം.സി.സി നാഷനല്‍ ഹജ്ജ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, എം.സി. നാസര്‍, സക്കീര്‍ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീര്‍ കൊട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.
ഹോട്ടലില്‍ അല്‍പ്പം വിശ്രമിച്ച ശേഷം സംഘം മസ്ജിദുല്‍ ഹറാമിലെത്തി ഉംറ നിര്‍വഹിച്ചു. വരും ദിനങ്ങളില്‍ ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരവും പ്രാര്‍ഥനയുമായി കഴിയും. മക്കയിലെ വിവിധ ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് മദീന സന്ദര്‍ശവും പൂര്‍ത്തിയാക്കി മക്കയില്‍ തിരിച്ചെത്തിയായിരിക്കും ഹജ് നിര്‍വഹിക്കുക. സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഹാജിമാരില്‍ ഭൂരിഭാഗവും ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയാകും മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീര്‍ഥാടകര്‍ ഈ മാസം 10 മുതല്‍ ജിദ്ദ വഴി എത്തും. ഹജ്ജിന് ശേഷം മദീന വഴിയാകും ഇവര്‍ മടങ്ങുക. മക്കയില്‍ ഹാജിമാര്‍ക്ക് വേണ്ട മുഴുവന്‍ ഒരുക്കവും ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ പൂര്‍ത്തിയായിട്ടുണ്ട്.
സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള ബഹുഭൂരിഭാഗം ഹാജിമാരുടെയും യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 52,000 തീര്‍ഥാടകര്‍ക്കാണ് സ്വകാര്യ ഗ്രൂപ്പു വഴി കേരളത്തില്‍നിന്നുള്ള അനുമതി. ഇതില്‍ പതിനായിരത്തോളം പേര്‍ക്കുമാത്രമാണ് ഇതുവരെ അനുമതി ലഭിച്ചത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Related News