വത്തിക്കാന്‍ സിറ്റി: ഫലസ്തീന്‍ ജനതക്കൊപ്പം എന്നും കൂടെ നിന്നിരുന്ന അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ 'പോപ്പ് മൊബൈല്‍' ഇനി ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക്. മാര്‍പ്പാപ്പയുടെ അന്ത്യാഭിലാഷ പ്രകാരമാണിത്. പോപ്പ് മൊബൈല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കായിട്ടായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ഗസ്സയിലെ ആരോഗ്യ സംവിധാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്ന ഈ സമയത്ത്, പോപ് ഫ്രാന്‍സിസിന്റെ തീരുമാനം ജീവന്‍ രക്ഷിക്കുന്ന ഇടപെടലാണെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിവേഗത്തിലുള്ള പരിശോധനാ സംവിധാനം, വാക്‌സിനേഷന്‍ സൗകര്യം, രോഗപരിശോധന ഉപകരണങ്ങള്‍, തുന്നല്‍ കിറ്റുകള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മെഡിക്കല്‍ സ്റ്റാഫുകള്‍ എന്നീ സൗകര്യങ്ങള്‍ പോപ്പ്മൊബൈലില്‍ ഒരുക്കും. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന വേളയില്‍ ഹെല്‍ത്ത് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കും.
ഗസ്സക്ക് നല്‍കുന്നത് കേവലമൊരു വാഹനം മാത്രമല്ലെന്നും, മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറക്കുന്നില്ലെന്ന സന്ദേശമാണെന്നും പോപ്പ്മൊബൈല്‍ കൈമാറാനുള്ള ചുമതല വഹിക്കുന്ന കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണെ അഭിപ്രായപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഏപ്രില്‍ 21നാണ് അന്തരിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം നിര്‍ത്തണമെന്ന് അദ്ദേഹം പലകുറി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ ഈസ്റ്റര്‍ സന്ദേശത്തിലും ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവര്‍ത്തിച്ചിരുന്നു.
Related News