കുവൈത്ത് സിറ്റി: രാജ്യാന്തര വിമാന കമ്പനികള്‍ക്ക് കുവൈത്ത് വിമാനത്താവളത്തോട് താല്‍പര്യം കുറയുന്നു. ഉയര്‍ന്ന ഇന്ധന വില, യാത്രക്കാരുടെ കുറവ്, കടുത്ത മത്സരം, അടിസ്ഥാന സൗകര്യങ്ങളുടെയും യാത്രക്കാര്‍ക്കുള്ള സേവനങ്ങളുടെയും പോരായ്മ ഇതൊക്കെയാണ് താല്‍പര്യം കുറയാന്‍ കാരണം. സമീപ കാലങ്ങളിലായി 14 രാജ്യാന്തര വിമാന കമ്പനികളാണ് കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ബ്രിട്ടിഷ് എയര്‍വെയ്‌സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങി 14 രാജ്യാന്തര വിമാന കമ്പനികളാണ് കുവൈത്തിലേക്ക് തല്‍ക്കാലം പറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെയും യാത്രക്കാര്‍ക്കുള്ള സേവനങ്ങളുടെയും പോരായ്മ യാത്രക്കാരിലും വിമാന കമ്പനികളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതു യാത്രക്കാരുടെ കുവൈത്ത് വഴിയുള്ള യാത്ര ഒഴിവാക്കാന്‍ പ്രേരിപ്പിച്ചു. 2023ല്‍ 1.56 കോടി യാത്രക്കാര്‍ കുവൈത്തില്‍ എത്തിയിരുവെങ്കില്‍ 2024ല്‍ അത് 1.54 കോടിയായി കുറഞ്ഞു.
ഇനിയും ചില വിമാന കമ്പനികള്‍ സേവനം നിര്‍ത്താന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം ഇനിയും കുറയുമെന്നാണ് സൂചന. മത്സരം കുറയുന്നത് ഇങ്ങോട്ടുള്ള യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസം ഉണ്ടാക്കുന്നതാണ്. സീറ്റുകളുടെ ലഭ്യത കുറയുമ്പോള്‍ നിരക്ക് ഗണ്യമായി കൂടും.
അതിനിടെ കുവൈത്ത് എയര്‍വേയ്‌സ് സിഇഒ അഹ്‌മദ് അല്‍ ക്രീബാനിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പുതിയ സിഇഒ ആയി അബ്ദുല്‍ വഹാബ് ആല്‍ സാത്തിയെ നിയമിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related News