ജിദ്ദ: വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മൊത്തം 15 ലക്ഷം രൂപ സ്‌കോളര്‍ഷിപ് പദ്ധതി പ്രഖ്യാപിച്ച് കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി. കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിലാണ് സ്‌കോളര്‍ഷിപ് പദ്ധതി ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് ടു, ഡിഗ്രി, സിവില്‍ സര്‍വീസ് എന്നീ കാറ്റഗറികളിലാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയും അവരെ കൂടുതല്‍ മികവുറ്റവരാക്കി മാറ്റി സമൂഹത്തിന് മാതൃകയായ രീതിയില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള പ്രോത്സാഹനം നല്‍കുക എന്നതാണ് 'സി.എച്ച് മുഹമ്മദ് കോയ എജ്യൂ സ്‌കോളര്‍ഷിപ്' പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്ന വിധത്തില്‍ ജനറല്‍ കാറ്റഗറിയിലായിരിക്കും സ്‌കോളര്‍ഷിപ് നല്‍കുക. ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഡിഗ്രി പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും സിവില്‍ സര്‍വീസ് കാറ്റഗറിയില്‍ പ്രിലിമിനറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ വിജയിച്ചവര്‍ക്കും സ്‌കോളര്‍ഷിപിനായി അപേക്ഷിക്കാം. ഡിഗ്രി കാറ്റഗറിക്ക് യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള റഗുലര്‍ ബിരുദ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. അപേക്ഷകര്‍ നിലവില്‍ പഠനം തുടരുന്നവരായിരിക്കണം.
പദ്ധതിയുടെ 50 ശതമാനം പ്രവാസികളും മുന്‍പ്രവാസികളുമായവരുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെക്കും. വിദ്യാര്‍ഥികളുടെ സ്വഭാവശുദ്ധി കൂടി പരിഗണിച്ച് പ്രത്യേകം കമ്മിറ്റിയായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. പദ്ധതിയിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് pkdjillakmcc@gmail.com എന്ന ഇമെയില്‍ വഴിയോ 0500161238 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറര്‍ ഷഹീന്‍ തച്ചമ്പാറ, ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈന്‍ കരിങ്കറ, സക്കീര്‍ നാലകത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോ: കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചപ്പോള്‍.
Related News