ഷാര്‍ജ: വനിതാ ജീവനക്കാര്‍ക്ക് 'കെയര്‍ ലീവ്' എന്ന പുതിയ അവധി പദ്ധതി പ്രഖ്യാപനവുമായി ഷാര്‍ജ സര്‍ക്കാര്‍. രോഗിയായോ വൈകല്യമുള്ളതോ ആയ കുട്ടിയെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് തുടര്‍ ശുശ്രൂഷ ആവശ്യമായ സാഹചര്യത്തില്‍ ഈ അവധി അനുവദിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം രോഗമുള്ള കുഞ്ഞുങ്ങളെ വളര്‍ത്തുന്ന, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് ഷാര്‍ജ മനുഷ്യവിഭവശേഷി വിഭാഗം ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സആബി പുതിയ നിയമ പ്രഖ്യാപനം നടത്തിയത്.
പ്രസവാവധി കഴിഞ്ഞു തുടങ്ങുന്ന ഈ അവധി ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം വരെ നല്‍കും. രോഗാവസ്ഥ തുടരുന്നു എന്നതിനുള്ള മെഡിക്കല്‍ റിപോര്‍ട്ട് ഉന്നത മെഡിക്കല്‍ അതോറിറ്റികള്‍ അംഗീകരിച്ചാല്‍ അവധി ഏകദേശം മൂന്നു വര്‍ഷം വരെ ലഭിക്കും. പ്രതിവര്‍ഷമായിരിക്കും പുതുക്കി അനുവദിക്കുക. കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അവധി അവസാനിപ്പിക്കുകയും മെഡിക്കല്‍ നിര്‍ദേശത്തിനനുസരിച്ച് അമ്മയ്ക്ക് ജോലി തുടരാന്‍ വേണ്ടി ഔദ്യോഗിക അനുമതി നല്‍കുകയും ചെയ്യും.
മൂന്ന് വര്‍ഷത്തെ പരമാവധി കാലാവധി പിന്നിട്ടിട്ടും അവധി തുടരേണ്ട സാഹചര്യം ഉണ്ടാകുന്ന പക്ഷം വിഷയത്തില്‍ ഹയര്‍ ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റി ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കും. പ്രസവാവധി കാലയളവിലെ ജീവനക്കാരിയുടെ അവസ്ഥ വിലയിരുത്തല്‍ നിലവിലുള്ള പ്രവര്‍ത്തന മാനേജ്‌മെന്റ് സിസ്റ്റം അനുസരിച്ചായിരിക്കും. കെയര്‍ അവധി ജീവനക്കാരിയുടെ സര്‍വീസ് കാലയളവിന്റെ ഭാഗമായിട്ടും കണക്കാക്കപ്പെടും.
Related News