ജിദ്ദ: സഫയര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍-ഒന്ന് ഗ്രാന്‍ഡ് ഫിനാലെ മേയ് ഒമ്പതിന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ഏഴിന് ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി 12 മത്സരാര്‍ഥികളാണ് പങ്കെടുക്കുക. നേരത്തെ നടന്ന ഒന്നാം റൗണ്ടില്‍ ജൂനിയര്‍ വിഭാഗത്തില്‍ 30 പേരും സീനിയര്‍ വിഭാഗത്തില്‍ 12 പേരുമാണ് പങ്കെടുത്തത്. ഇവരില്‍ ജൂനിയര്‍ വിഭാഗത്തില്‍ നിന്നും എട്ടും സീനിയര്‍ വിഭാഗത്തില്‍ നിന്നും നാലും പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരക്കുന്നത്.
ഇവരില്‍ നിന്നും ഇരു വിഭാഗത്തില്‍ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ഗ്രാന്‍ഡ് ഫിനാലെയിലെ പ്രകടനത്തിലൂടെ കണ്ടെത്തും. മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന് പുറമെ ജിദ്ദയിലെ ഗായകരുടെ മാപ്പിളപ്പാട്ടുകളും മുട്ടിപ്പാട്ട്, സൂഫി ഡാന്‍സ്, കോല്‍ക്കളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികളും ഗ്രാന്‍ഡ് ഫിനാലെയില്‍ അരങ്ങേറുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വ്യത്യസ്തമായ കലാ, കായിക മത്സരങ്ങള്‍ നടത്തി പ്രവാസി മലയാളികള്‍ക്ക് അവസരങ്ങളൊരുക്കുക എന്നതാണ് നിലവില്‍ 13 അംഗങ്ങളുള്ള സഫയര്‍ മലയാളി കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംഘാടകരായ അഷ്‌റഫ് ചുക്കന്‍, ഇ.കെ. ബാദുഷ, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, അമീര്‍ പരപ്പനങ്ങാടി, ഉമ്മര്‍ മങ്കട, മുജഫര്‍ ഇരുകുളങ്ങര, ജംഷീര്‍ മമ്പുറം, ഇക്ബാല്‍ പുല്ലമ്പലവന്‍, കുഞ്ഞാവ പി.എ അച്ചനമ്പലം, ജലീല്‍ ചേറൂര്‍, മുബാറക് വാഴക്കാട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News