ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഏക വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ആയതിന്റെ അഭിമാനത്തിലാണ് ശിവാംഗി സിങ്. ഡല്‍ഹിയിലെ വ്യോമസേന മ്യൂസിയത്തില്‍ വിമാനങ്ങള്‍ കണ്ട അദ്ഭുതഭരിതയായി നിന്ന കൊച്ചു പെണ്‍കുട്ടിയായിരുന്നു വാരാണസി സ്വദേശിനിയായ ശിവാംഗി സിംഗ്. ഇന്നത് ഒരു ചരിത്രത്തിലേക്ക് നയിച്ച യാത്രയായിരിക്കുകയാണ്. സ്‌കൂള്‍ കാലത്ത് മനസ്സില്‍ കൊതിച്ച പൈലറ്റാകാനുള്ള ആഗ്രഹം 29-ാം വയസ്സില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏക വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റെന്ന ഉജ്വലതയില്‍ എത്തി നില്‍ക്കുകയാണ്.
2015-ല്‍ സേനാ നയങ്ങളില്‍ വന്ന മാറ്റങ്ങളാണ് സ്ത്രീകളെ യുദ്ധവിമാന പൈലറ്റ്മാരായി മാറ്റുന്നതിന് അവസരമൊരുക്കിയത്. ആ അവസരം ചവിട്ടി കീഴടക്കി ശിവാംഗി ഇന്ന് സേനയിലെ ആധുനികതയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. അക്കാദമിക് മേഖലയില്‍ മാത്രമല്ല, കായിക രംഗത്തും മികവു തെളിയിച്ച ശിവാംഗി, പുരുഷന്മാര്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന ആകാശതലത്തില്‍ സ്വന്തം സ്ഥാനം ഉറപ്പാക്കുകയായിരുന്നു. ഏതൊരു സ്വപ്നവും സ്ത്രീകള്‍ക്ക് അപ്രാപ്യമല്ലെന്നതിന്റെ സൂചനയായിരുന്നു അത്.
ഇന്ത്യയുടെ പ്രതിരോധ നവീകരണത്തിന്റെ സുപ്രധാന ഭാഗമായി മാറിയ അത്യാധുനിക യുദ്ധവിമാനമാണ് ഫ്രഞ്ച് നിര്‍മിത സിംഗിള്‍ സീറ്റ് റഫാല്‍ ജെറ്റ്. അതു പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ശിവാംഗി. വെല്ലുവിളി നിറഞ്ഞ സെലക്ഷന്‍ പ്രക്രിയയ്ക്കും ഫ്രഞ്ച് ഇന്‍സ്ട്രക്ടര്‍മാരുടെ കീഴില്‍ സിമുലേറ്റര്‍ പരിശീലനത്തിനും ശേഷം 2020ല്‍ ആണ് റാഫാലുമായുള്ള ശിവാംഗിയുടെ യാത്ര ആരംഭിച്ചത്. കൂടെ ജോലിചെയ്യുന്ന ഒരു യുദ്ധവിമാന പൈലറ്റിനെയാണ് ശിവാംഗി ജീവിത യാത്രയിലും കൂടെ കൂട്ടിയത്. 2023ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ 1600 ല്‍ അധികം വനിതാ ഓഫീസര്‍മാരുണ്ട്.
ശിവാംഗിയുടെ ആകാശ സ്വപ്‌നം ഇവിടെ തീരുന്നില്ല. അടുത്തത് ബഹിരാകാശ ദൗത്യമാണ്. ഇന്ത്യ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുമ്പോള്‍ അതിന്റെ ഭാഗമാകാനുള്ള തയാറെടുപ്പുകള്‍ ശിവാംഗി ആരംഭിച്ചു കഴിഞ്ഞു. ബഹിരാകാശ ദൗത്യത്തിലേയ്ക്കുള്ള ചവിട്ടുപടിയായി പരീക്ഷണ പൈലറ്റാകാന്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് ശിവാംഗി.
Related News