മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന കരിപ്പൂരില്‍ നിന്നgള്ള ആദ്യ സംഘം മെയ് 10 ന് ശനിയാഴ്ച പുലര്‍ച്ചെ 01.10 യാത്ര തിരിക്കും. ഈ വിമാനത്തിലേകുള്ള തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹജ്ജ് ക്യാമ്പിലെത്തും. ആദ്യ സംഘത്തിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കും.
എയര്‍പോര്‍ട്ടിലെ പില്ലര്‍ നമ്പര്‍ അഞ്ചിലാണ് തീര്‍ത്ഥാടകര്‍ ആദ്യം എത്തുക. ഇവിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പ്രത്യേകമായി ഒരുക്കിയ കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷം ക്യാമ്പ് രജിസ്‌ട്രേഷന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ പേര്, കവര്‍ നമ്പര്‍, യാത്രാ തിയ്യതി, വിമാന നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ പ്രത്യേക കളറിലുള്ള ബാഡ്ജ് നല്‍കും. ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക വാഹനത്തില്‍ തീര്‍ത്ഥാടകരെ ഹജ്ജ് ക്യാമ്പിലെത്തിക്കും. തീര്‍ത്ഥാടകര്‍ക്കും യാത്രയാക്കാനെത്തുന്നവര്‍ക്കും വിശ്രമിക്കുന്നതിനായി ഹജ്ജ് ഹൗസ് മുറ്റത്ത് പ്രത്യേക പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടര്‍ക്ക് ക്യാമ്പില്‍ താമസം, ഭക്ഷണം, പ്രാര്‍ത്ഥനാ തുടങ്ങിയവക്കായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിശാലമായ വെവ്വേറ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.
ആദ്യ വിമാനത്തിലെ യാത്രക്കാര്‍ നിസ്‌കാരം, ഭക്ഷണം എന്നിവക്ക് ശേഷം രാത്രി ഒമ്പത് മണിയോടെ ഹജ്ജ് ക്യാമ്പില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. പുലര്‍ച്ചെ 01.10ന് 77 പുരുഷന്മാരും 95 സ്ത്രീകളുമുള്‍പ്പടെ 172 തീര്‍ത്ഥാടകരുമായി വിമാനം ജിദ്ദയിലേക്ക് പറക്കും. സൗദി സമയം പുലര്‍ച്ചെ 4.40 ജിദ്ദയിലെത്തും.
രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരം 4.30 ന് പുറപ്പെട്ട് സൗദി സമയം രാത്രി എട്ട് മണിക്ക് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമാണ് ഇതില്‍ യാത്രയാവുക.
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വൈകുന്നേരം ഏഴ് മണിക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. എം.പി.മാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മത, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഞായറാഴ്ച മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പുലര്‍ച്ചെ 1.5 നും രാവിലെ 8.5 നും വൈകുന്നേരം 4.30 നുമാണ് വിമാനങ്ങള്‍ പുറപ്പെടുക. ഇതിലേക്കുള്ള തീര്‍ത്ഥാടകര്‍ യഥാക്രമം ശനിയാഴ്ച രാവിലെ 10 മണി, ഉച്ചക്ക് 2.30, വൈകുന്നേരം 4.30 ന് ക്യാമ്പില്‍ എത്തിച്ചേരും.
ഹജ്ജ് ക്യാമ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവിധ സമിതികളുടെ സംയുക്ത റിവ്യൂ മീറ്റിങ്ങ് എല്ലാ ദിവസവും വൈകുന്നേരം ചേരും. മുപ്പത്തിയൊന്ന് വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തുക. തീര്‍ത്ഥാടകരുടെ മടക്ക യാത്ര ജൂണ്‍ ഇരുപത്തിയഞ്ചിന് ആരംഭിക്കും.
Related News