കൊച്ചി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രയ്ക്കുള്ളവര്‍ 5 മണിക്കൂര്‍ മുന്‍പും ആഭ്യന്തര വിമാനയാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പും വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങി എല്ലാ വിമാനക്കമ്പനികളും യാത്രക്കാരോട് കുറഞ്ഞത് മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതിനാലാണ് ഇത്.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രാഥമികമായ പരിശോധനകള്‍ക്ക് പുറമേ സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് നിര്‍ബന്ധമാക്കി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു. നിലവില്‍ പ്രവേശന സമയത്തും ബോര്‍ഡിങ്ങ് ഗേറ്റിനു സമീപവുമാണ് പരിശോധനകള്‍ നടത്താറുള്ളത്. ഇനി മുതല്‍ സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് കൂടെ ഉണ്ടായിരിക്കും.
വിമാനത്താവളത്തിലെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതിനു ശേഷം വീണ്ടും നടത്തുന്ന പരിശോധനയാണ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്. യാത്രക്കാര്‍ക്ക് മാത്രമല്ല ക്രൂ അംഗങ്ങള്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്കും ഈ പരിശോധന നടത്തും. സാധാരണ ഗതിയില്‍ യാത്രക്കാര്‍ക്ക് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് ഉണ്ടാകാറില്ല. ലാഡര്‍ പോയിന്റ് എന്നത് വിമാനം കയറുന്ന പടിക്കെട്ടുകളെയോ ഗേറ്റ് ഏരിയയെയോ ആണ് സൂചിപ്പിക്കുന്നത്. സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധന എന്നത് വിമാനത്തിന്റെ വാതിലിനു സമീപത്ത് പ്രത്യേകിച്ച് ബോര്‍ഡിങ്ങിനു മുന്‍പ് നടക്കുന്ന അന്തിമ സുരക്ഷാ പരിശോധനയാണ്. തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ളവ അവിടെ വീണ്ടും പരിശോധിക്കുന്നു. വിമാനത്തിലേക്ക് കയറുന്ന വ്യക്തി യാത്രക്കാരന്‍, ക്രൂ, സ്റ്റാഫ് ഇവരില്‍ ആരെങ്കിലും ഒരാളാണെന്ന് ഒന്നുകൂടെ ഉറപ്പു വരുത്തുന്നു. അധികസുരക്ഷയാണ് ഈ പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യത്തെ പരിശോധനയ്ക്ക് ശേഷം എന്തെങ്കിലും നിരോധിത വസ്തുക്കള്‍ ഉണ്ടോയെന്നു പരിശോധിക്കുക. സുരക്ഷ ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ എയര്‍ലൈന്‍ സുരക്ഷ ടീം ആയിരിക്കും ഈ പരിശോധന നടത്തുക.
Related News