ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ സംഘർഷം ഒഴിവാക്കാൻ ലോകരാജ്യങ്ങളുടെ തിരക്കിട്ട പരിശ്രമം. യു.എസും ചൈനയും സൗദി അറേബ്യയുമാണ് സംഘർഷ സാഹചര്യം ലഘൂകരിക്കാനായി ഇടപെടുന്നത്. പ്രശ്നപരിഹാരത്തിനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടി മാർക്ക് റുബിയോ പാക് സൈനിക മേധാവി അസിം മുനീറുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും സംസാരിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്നും റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാൽപര്യം മുൻനിർത്തി ഇന്ത്യയും പാകിസ്താനും നീങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടു. ആക്രമണങ്ങൾ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയപരിഹാരം പ്രശ്നത്തിൽ ഉണ്ടാവണം. ഇതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും ചൈന വ്യക്തമാക്കി. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ചൈന വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്.
Related News