ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ സൈനിക നീക്കങ്ങളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ (ഡി.ജി.എം.ഒ) ഇന്ന് ഉച്ചക്ക് (തിങ്കള്‍) യോഗം ചേരും. സംഘര്‍ഷ സാഹചര്യത്തില്‍ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. നിലവില്‍ 14 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ കനത്ത ജാഗ്രത തുടരും.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ഉച്ചക്ക് 12ന് യോഗം ചേരുമെന്നറിയിച്ചത്. ലഫ്. ജനറല്‍ രാജീവ് ഗായിയും പാകിസ്താന്റെ മേജര്‍ ജനറല്‍ കാശിഫ് ചൗധരിയും തമ്മിലാണ് ചര്‍ച്ച. വെടിനിര്‍ത്തല്‍ ധാരണ തുടരുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
സംഘര്‍ഷ ദിനങ്ങള്‍ക്കുശേഷം ഇന്ത്യപാക്ക് അതിര്‍ത്തി ശാന്തമാണ്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 100 ഭീകരരെ വധിക്കുകയും പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണയായതോടെ തണുത്തു. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്
ഇന്നലെ രാത്രി അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലെത്തി. പാക്ക് ഷെല്ലാക്രമണമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. രാജസ്ഥാന്‍, ജമ്മു, പഞ്ചാബ് അതിര്‍ത്തികളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Related News