റിയാദ്: കെപിസിസിയുടെ നിയുക്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് എം എല്‍ എയെ റിയാദ് ഒ.ഐ.സി.സി കമ്മിറ്റി അഭിനന്ദിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന ഭാരവാഹി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകളില്‍ കെ എസ് യു സിന്‍ഡിക്കേറ്റ് അംഗം, 1981ല്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍, 2001 മുതല്‍ 2011 വരെ കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍, 2011മുതല്‍ കണ്ണൂര്‍ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, 2011 ല്‍ കെ.കെ ശൈലജയെ തോല്‍പ്പിച്ച് പേരാവൂര്‍ എം എല്‍ എ, തലശ്ശേരി കാര്‍ഷികവികസന ബാങ്ക് അധ്യക്ഷന്‍ മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, 2011മുതല്‍ കെപിസിസി മാധ്യമ പാനല്‍ അംഗമടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് പാര്‍ട്ടിയെ ഒറ്റകെട്ടായി നയിക്കുവാനും, വരാനിരിക്കുന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ വിജയ പഥത്തിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഘടനാ നേതൃ പാഠവത്തിന് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ സാധിക്കുമെന്നും, പുതിയ പ്രസിഡന്റിന്റെ കീഴില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും റിയാദ് ഒ.ഐ.സി.സി പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അതോടൊപ്പം ദേശീയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി നിയോഗിക്കപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി, യുഡിഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പിസി വിഷ്ണുനാഥ് എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം പി എന്നിവരെയും സംഘടന അഭിനന്ദിച്ചു.
ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്,ഷാനവാസ് മുനമ്പത്ത്, സൈഫ് കായംങ്കുളം, റഫീഖ് വെമ്പായം,ജോണ്‍സണ്‍ മാര്‍ക്കോസ്, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, അശ്‌റഫ് മേച്ചേരി,നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനാ ചുമതലയുള്ള ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
Related News