ദുബായ്: ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയത് വിവാഹം കഴിക്കാനിരുന്ന സുഹൃത്താണെന്ന് തിരിച്ചറിഞ്ഞു. അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ലാല്‍ മോഹന്‍ലാല്‍ (28) പ്രതി. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് വിമാനത്താവളത്തില്‍ പിടിക്കപ്പെടുകയായിരുന്നു. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയുടെ സഹായത്താലാണ് ഇയാള്‍ പിടിയിലായത്.
ദുബായ് കരാമ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ നാലാം തിയതിയായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിന്‍ലാല്‍ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസില്‍ വിവരമറിയിച്ച്് ആനുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
ദുബായിലെ ഒരു സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്ന ആനി മോളെ ഒരു വര്‍ഷം മുന്‍പ് അബിന്‍ലാല്‍ തന്നെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിന്‍ലാലെന്ന് പറയുന്നുു. എന്നാല്‍ ആനിമോളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതേ തുടര്‍ന്നുള്ള വാക്കു തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.
സംഭവ ശേഷം അബിന്‍ ലാലിന്റെ ഫോട്ടോ കൂട്ടുകാര്‍ പോലീസിനു കൈമാറുകയായിരുന്നു. വിമാനത്താവളത്തില്‍നിന്നു പിടികൂടുയ പ്രതി കുറ്റം സമ്മതിച്ചു.
കൊല്ലം കൊട്ടാരക്കരയില്‍ വാടകവീട്ടിലാണ് ആനിമോളുടെ കുടുംബം താമസിക്കുന്നത്. അമ്മ ഗില്‍ഡയുമായി ആനിമോളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ദുബായ് പൊലീസ് മോര്‍ച്ചറിയിലുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി നേതൃത്വം നല്‍കിവരുന്നു.
Related News