റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപിന്റെ സൗദി സന്ദര്‍ശന പശ്ചാത്തലത്തില്‍ സൗദി-യുഎസ് നിക്ഷേപ ഫോറം റിയാദില്‍ ആരംഭിച്ചു. അടുത്ത നാലു വര്‍ഷത്തിനുള്ള അമേരിക്കയിലെ സൗദി നിക്ഷേപങ്ങള്‍ 600 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്ന് ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് നിക്ഷേപ മന്ത്രി ഖാലിദ് അല്‍-ഫാലിഹ് പറഞ്ഞേു. റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഫോറത്തില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന ഫോറത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗദി നേതൃത്വത്തിന്റെ ആശംസകള്‍ നിക്ഷേപ മന്ത്രി ഖാലിദ് അല്‍-ഫാലിഹ് നേര്‍ന്നു.
90 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധം തുടരുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് അമേരിക്കന്‍, സൗദി നിക്ഷേപ പ്രതിനിധി സംഘങ്ങളുടെ വലുപ്പത്തെയും മികവിനെയും അല്‍-ഫാലിഹ് അഭിനന്ദിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വിഭവങ്ങളുടെ വൈവിധ്യവല്‍ക്കരണവും സുസ്ഥിരതയും കൈവരിക്കുന്നതിലെ ഗണ്യമായ പുരോഗതി മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗതവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം, നൂതന സാങ്കേതികവിദ്യകള്‍, AI, ടൂറിസം, ആരോഗ്യ സംരക്ഷണം, ബയോടെക്‌നോളജി, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ തുറക്കും. സൗദി വിഷന്‍ 2030 നെക്കുറിച്ചുള്ള 2024 ലെ വാര്‍ഷിക റിപ്പോര്‍ട്ടും അദ്ദേഹം അവതരിപ്പിച്ചു.
ദ്രുതഗതിയിലുള്ള ആഗോള പരിവര്‍ത്തനങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവ അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന അവസരങ്ങള്‍ അതു സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഉത്തേജകമായി വര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News