റിയാദ്: സൗദിയും അമേരിക്കയും തമ്മിൽ സൈനിക സാമ്പത്തിക സഹകരണ കരാറുകൾ ഒപ്പിട്ടു.
സൗദി, അമേരിക്കൻ ഗവൺമെന്റുകൾ തമ്മിൽ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന് കരാർ ഒപ്പുവെച്ചത് നിരവധി മേഖലകളെ ശക്തിപ്പെടു ത്തും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടത്തിയ ഔദ്യോഗിക ചർച്ചക്കിടെയാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്.
നാഷണൽ ഗാർഡിൻ്റെ കര, വ്യോമ സംവിധാനങ്ങളും വെടിമരുന്ന്, പരിശീലനം, പിന്തുണാ സേവനങ്ങൾ, സ്പെയർ പാർട്‌സ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകളും വികസിപ്പിക്കാനും സഹകരണം വർധിപ്പിക്കാനുമുള്ള കരാർ, സൗദിയിൽ ആരോഗ്യ മേഖലാ ശേഷികളുടെ വികസനത്തിന് സൗദി പ്രതിരോധ മന്ത്രാലയവും യു.എസ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, സൗദി, അമേരിക്കൻ നീതിന്യായ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രം, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കാനുള്ള ക്യു-സാറ്റ് പദ്ധതിയിൽ സഹകരിക്കുന്നതിന് സൗദി സ്പേസ് ഏജൻസിയും അമേരിക്കയിലെ നാസയും തമ്മിലുള്ള എക്സിക്യൂട്ടീവ് കരാർ, കസ്റ്റംസ് മേഖലാ സഹകരണ കരാർ, ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമഗതാഗത കരാർ ഭേദഗതി ചെയ്യാനുള്ള പ്രോട്ടോക്കോൾ എന്നിവയും ഒപ്പുവെച്ചു.
പുനരുപയോഗ ഊർജം, ശുദ്ധമായ ഊർജ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പങ്കാളിത്തം വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഊർജ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചത്. ഖനന, ധാതുവിഭവ മേഖലാ സഹകരണത്തിനുള്ള ധാരണാപത്രം, ആഭ്യന്തര മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ബിസിനസ് പ്രോഗ്രാമുകളും യു.എസ് നീതിന്യായ വകുപ്പിന്റെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുള്ള ധാരണാപത്രം എന്നിവയും കരാറുകളിൽ ഉൾപ്പെടുന്നു.
Related News