റിയാദ്: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചു. ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 30,000 കോടി ഡോളര്‍ വരുമെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തി. അവശേഷിക്കുന്ന കരാറുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറായി ഉയരും.
ഇരുവരുടെയും അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദി-യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിനിടയിലായിരുന്നു ഒപ്പിടല്‍. സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമുള്ളതാണ് ഏറ്റവും വലിയ കരാര്‍. 14,200 കോടി ഡോളറിേന്റതാണ് ഈ പ്രതിരോധ കരാര്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
12 അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും. സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിന്റെ ഭാഗമാണ്. സൗദി നാഷനല്‍ ഗാര്‍ഡിന്റെ കര, വ്യോമ സംവിധാനങ്ങള്‍ക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം, സ്‌പെയര്‍ പാര്‍ട്സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുള്‍പ്പെടും.
സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്.
Related News