റിയാദ് - ആണവ പദ്ധതി അവസാനിപ്പിക്കുന്നതിന് ഇറാനുമായി അടിയന്തരമായി കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗള്‍ഫ് രാഷ്ട്ര നേതാക്കളോട് പറഞ്ഞു. എന്നാല്‍ മേഖലയിലുടനീളമുള്ള പ്രോക്സി ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചാലേ കരാര്‍ യാഥാര്‍ഥ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
സൗദി തലസ്ഥാനത്ത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സംഘടിപ്പിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 'ഇറാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം, അവരുടെ രക്തരൂക്ഷിതമായ നിഴല്‍ യുദ്ധങ്ങള്‍ നിര്‍ത്തണം, ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമം സ്ഥിരമായും പരിശോധനക്ക് അവസരം നല്‍കിയും അവസാനിപ്പിക്കണം- ട്രംപ് പറഞ്ഞു. 'ഇറാന് ആണവായുധം ഉണ്ടാകാന്‍ പാടില്ല.'
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ആദ്യം മുതല്‍ യുഎസും ഇറാനും നാല് റൗണ്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു കരാര്‍ ഉണ്ടാക്കാന്‍ സാധ്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായി ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ അതിനുള്ള സമയം കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം 19 മാസത്തിനുള്ളില്‍ ഇറാന്റെ പ്രോക്സി ശൃംഖലക്ക് കാര്യമായ തിരിച്ചടികള്‍ നേരിട്ട സാഹചര്യത്തിലാണ് ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍ എന്നിവര്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ട്രംപ് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടത്.
ഇറാനില്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ട്രംപിന്റെ പ്രസ്താവനകളെ 'വഞ്ചനാപരം' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ പ്രോക്സി ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ആഹ്വാനത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
ഹിസ്ബുള്ള ഭീകരരുടെ പിടിയില്‍നിന്ന് മുക്തമായ ഒരു ഭാവിക്കായി സമയം സമാഗതമായെന്ന് താന്‍ വിശ്വസിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായി നടന്ന യുദ്ധത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തില്‍ പലരും കൊല്ലപ്പെടുകയും സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസദിന്റെ പതനത്തിലൂടെ പ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുകയും ചെയ്തതോടെ ഹിസ്ബുള്ള ദുര്‍ബലമായിരിക്കുകയാണ്.
ഇറാഖില്‍ പിടിയിലായ ശേഷം യു.എസ് സേനയുടെ തടവില്‍ വര്‍ഷങ്ങള്‍ ചെലവഴിച്ച മുന്‍ വിമത നേതാവായ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറായുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇറാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പുറത്തുവന്നത്. സൗദി അറേബ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ട്രംപ് ഖത്തറിലേക്ക് പോയി. മിഡില്‍ ഈസ്റ്റ് പര്യടനത്തില്‍ അദ്ദേഹം യുനൈറ്റഡ് അറബ് എമിറേറ്റ്സിലും സന്ദര്‍ശനം നടത്തും.
Related News