ദോഹ: രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദില്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷമാണ് ട്രംപ് ഖത്തറിലെത്തിയത്. ഹമദ് വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ട്രംപിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. വന്‍ നിക്ഷേപങ്ങളും, കരാറുകളുമായി ശ്രദ്ധേയമായ സൗദി സന്ദര്‍ശനത്തിനു പിന്നാലെ ഖത്തറിലും വ്യാഴാഴ്ച യു.എ.ഇയിലുമെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പശ്ചിമേഷ്യന്‍ പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ട്രംപ് സന്ദര്‍ശനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും, അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യവുമാണ് റിയാദില്‍ വിവിധ ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ പ്രധാനമായും ഉയര്‍ന്നത്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രായേല്‍-ഹമാസ് പ്രതിനിധികള്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് സമാധാന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സ്റ്റീവ് വിറ്റ്‌കോഫ് പ്രധാനമന്ത്രി നെതന്യാഹുവുമായി ബുധനാഴ്ച രാവിലെ ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Related News