ദമ്മാം: ഒരു മാസം മുന്‍പ് ദമ്മാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി റിനോള്‍ഡ് കിരണിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയായിട്ടും മോര്‍ച്ചറിയില്‍ കഴിയുന്നു. മകന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അനിശ്ചിതത്വത്തിലായത്്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സൗദി അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ ഇതംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
എട്ട് വര്‍ഷമായി ദമ്മാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഏപ്രില്‍ 12നാണ് റിനോള്‍ഡിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് വിശദ അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് നിയമനടപടികളുമായി സഹകരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്പോണ്‍സറില്‍ നിന്നും കുടുംബത്തില്‍ നിന്നും മകന്‍ പീഡനം നേരിട്ടതായി മാതാപിതാക്കള്‍ അരോപിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കാനുള്ളത്. ഇത് വൈകിയാല്‍ സൗദി നടപടി ക്രമം അനുസരിച്ച് മൃതദേഹം ഇവിടെ മറവ് ചെയ്യേണ്ടി വരുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു.
Related News