അബുദാബി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യു.എ.ഇ സന്ദര്‍ശനം ഇന്ന്. സൗദി അറേബ്യ, ഖത്തര്‍ എന്നിവക്ക് ശേഷമാണ് ട്രംപ് അബുദാബിയിലെത്തുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി കൂടിക്കാഴ്ചയും വിവിധ മേഖലകളില്‍ യു.എ.ഇ-യു.എസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദര്‍ശന ഭാഗമായുണ്ടാകും. പ്രഖ്യാപനങ്ങള്‍കൊണ്ടും സഹകരണ കരാറുകള്‍കൊണ്ടും ട്രംപിന്റെ സന്ദര്‍ശനം ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും നിര്‍മിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളില്‍ പരസ്പരം സഹകരിക്കാനുള്ള കരാറുകള്‍ക്കായിരിക്കും മുന്‍തൂക്കം.
സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സൗദി സന്ദര്‍ശനത്തിനിടെയാണ് യു.എസ് പ്രസിഡന്റ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച സൗദിയിലെത്തിയ ട്രംപ് ബുധനാഴ്ച ആരംഭിച്ച ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷമാണ് യു.എ.ഇയിലെത്തുന്നത്.
ബുധനാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഗള്‍ഫ്-യു.എസ് ഉച്ചകോടിയില്‍ യു.എ.ഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.
Related News