മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നു. പുലര്‍ച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയായ നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറിനാണ് (39) ദാരുണാന്ത്യം ഉണ്ടായത്.
ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ ടാപ്പിങ്ങില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ കടുവ ആക്രമിക്കുകയായിരുന്നു. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് കടുവ ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് സമദ് പറഞ്ഞു.
വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. സംഭവം അറിഞ്ഞ് പോലീസും വനപാലക ഉദ്യോഗസ്ഥരുംസ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം കൊണ്ടു പോകുന്നതിനു മുന്‍പ് ഇനി കടുവ ശല്യം ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കടുവയെ പിടുകൂടാന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടന്‍ കാളിക്കാവില്‍ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
Related News