അല്‍ഉല- അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അല്‍ഉല റോയല്‍ കമ്മീഷനും അറേബ്യന്‍ ലെപ്പേര്‍ഡ് ഫണ്ടും സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കരാറിന്റെ ഭാഗമായി, റോയല്‍ കമ്മീഷന്‍ ഒരു ജോഡി അറേബ്യന്‍ പുള്ളിപ്പുലികളെ സ്മിത്സോണിയന്‍സ് നാഷണല്‍ സൂവിനും കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനും വായ്പ നല്‍കും.
വംശനാശഭീഷണി നേരിടുന്ന ഈ അപൂര്‍വ ജീവി വര്‍ഗത്തിനുള്ള സംരക്ഷണ ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, ജനിതക വൈവിധ്യം പ്രോത്സാഹിപ്പിക്കുക, ആഗോളതലത്തില്‍ അവബോധം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ശാസ്ത്രീയ പരിപാടിയുടെ ഭാഗമാണിത് എന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ഉലയിലെ റോയല്‍ കമീഷന്‍ സംരക്ഷണ കേന്ദ്രത്തില്‍നിന്നുള്ള അറേബ്യന്‍ പുള്ളിപ്പുലിയുടെയും കുഞ്ഞിന്റെയും ചിത്രം വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന വലിയ പൂച്ചകളില്‍ ഒന്നാണ് അറേബ്യന്‍ പുള്ളിപ്പുലി. ഏതാണ്ട് 120 എണ്ണം മാത്രമാണ് ഇന്ന് കാടുകളില്‍ അവശേഷിക്കുന്നത്. ഇതില്‍ 20 എണ്ണം പ്രധാനമായും രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മലനിരകളായ അസീറിലും ഹിജാസിലുമായി ഒറ്റപ്പെട്ടുകിടക്കുന്നു.
കഴിഞ്ഞ വര്‍ഷം വരെ അല്‍ഉലയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ 27 അറേബ്യന്‍ പുള്ളിപ്പുലികള്‍ ഉണ്ടായിരുന്നതായി ഒരു മുതിര്‍ന്ന കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്മിത്സോണിയനുമായി സഹകരിക്കുന്നതിലൂടെ, റോയല്‍ കമീഷന്‍ അതിന്റെ അറേബ്യന്‍ പുള്ളിപ്പുലി പ്രജനന പരിപാടി ശക്തിപ്പെടുത്താനും, ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തിന്റെ അതിജീവന സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കാനും, അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് ഒരു സാന്നിധ്യം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
ഈ സഹകരണം നൂതന ശാസ്ത്രീയ ഗവേഷണത്തിന് പ്രോത്സാഹനം നല്‍കാനും, യുഎസില്‍ ഈ വലിയ പൂച്ചകളുടെ ആദ്യ പ്രദര്‍ശനത്തിന് സൗകര്യമൊരുക്കാനും, സംരക്ഷണ പരിപാടികള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Related News