അബുദാബി- യുഎഇയില്‍ അത്യാഹിത വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 13 തരം ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ട്രാഫിക് ആനുകൂല്യങ്ങള്‍ അനുവദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നൂതന സംരംഭമായ 'ബിന്‍ വരീഖ' എമര്‍ജന്‍സി സര്‍വീസ് വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇത് പ്രകാരം, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി പോകുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് നിയമപരമായ വേഗ പരിധിയേക്കാള്‍ 40 കിലോമീറ്റര്‍ വരെ അധികം വേഗത്തില്‍ വാഹനമോടിക്കാനും റോഡിന്റെ വശം ഉപയോഗിക്കാനും ട്രാഫിക് പട്രോളിംഗ് ടീമിന്റെ തത്സമയ സഹായം തേടാനും സാധിക്കും.
ഒരു ആശുപത്രി എമര്‍ജന്‍സി അലേര്‍ട്ട് നല്‍കുന്ന സമയത്ത്, ഡോക്ടര്‍മാര്‍ക്ക് ഈ സേവനം ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും. മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂം തത്സമയം ഇവരുടെ റൂട്ട് നിരീക്ഷിക്കുകയും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാന്‍ ട്രാഫിക് പട്രോളിംഗ് വാഹനങ്ങളെ നിയോഗിക്കുകയും ചെയ്യും. യാത്ര പുറപ്പെടുന്നതിന് മുമ്പ്, മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ അവരുടെ വാഹനത്തില്‍ ഒരു പ്രത്യേക ത്രികോണാകൃതിയിലുള്ള ടാബ്ലറ്റ് ഉപകരണം സ്ഥാപിക്കുകയും വേണം.
മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന ഈ സേവനം, അടിയന്തര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ ജോലിസ്ഥലത്തേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് ജീവന്‍ രക്ഷിക്കാനും മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ പിന്തുണയ്ക്കാനുമുള്ള ഒരു സുപ്രധാന ശ്രമമാണ്.
ആഭ്യന്തര മന്ത്രാലയത്തിലെ സര്‍വീസ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. സയീദ് മുഹമ്മദ് അല്‍-ദഹൗരി ഈ പദ്ധതിയുടെ കാഴ്ചപ്പാട് വിശദീകരിച്ചു. 'ഈ സേവനം ഡോക്ടര്‍മാരുടെ സൗകര്യത്തിന് വേണ്ടിയുള്ളതാണെങ്കിലും, ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് രോഗിയാണ്. ഡോക്ടര്‍ എത്ര വേഗത്തില്‍ എത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരുപക്ഷേ അവരുടെ ജീവന്‍ പോലും- അദ്ദേഹം പറഞ്ഞു.
Related News