ദമ്മാം: നാട്ടിലേക്കുള്ള യാത്രാമധ്യേ വണ്ടൂര്‍ സ്വദേശി ഗോവയില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ദമ്മാമില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട മലപ്പുറം വണ്ടൂര്‍ കാപ്പില്‍ സ്വദേശി അഷ്‌റഫ് (58) ആണ് മരിച്ചത്. യാത്രക്കിടെ ശ്വാസ തടസം നേരിട്ടതിനെത്തുടര്‍ന്ന് വിമാനം ഗോവയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി അഷ്‌റഫിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരാഴ്ച മുമ്പ് പനിപിടിക്കുകയും അത് ന്യുമോണിയ ആയി മാറുകയും ചെയ്തിരുന്നു. സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും നാട്ടില്‍ പോയി തുടര്‍ചികിത്സ നടത്താമെന്ന തീരുമാനത്തില്‍ നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. മകളുടെ ഭര്‍ത്താവ് ഫസിലിനൊപ്പമാണ് യാത്ര തിരിച്ചത്. യാത്രക്കിടയില്‍ ശ്വാസതടസ്സമുണ്ടായി. ഉടന്‍ വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
ഗോവ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച നാളെ രാവിലെ ഒമ്പതിന് ഖബറടക്കും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ 35 വര്‍ഷമായി പ്രവാസിയാണ്. 1989 മുതല്‍ ഹസ്സയിലെ സനാഇയയില്‍ അല്‍ റുവൈശിദ് (സുബൈഇ) എന്ന പേരില്‍ അലൂമിനയം ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: റഫീഖ. മക്കള്‍: ഹസ്ല, ഹസ്‌ന, ജുനൈദ്. അബ്ദുസ്സലാം, മുജീബ്‌റഹ്‌മാന്‍ എന്നീ സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ട്.
Related News