കൊച്ചി; സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാംപിന് തുടക്കമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ള ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. ആദ്യ വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് (വെള്ളി) വൈകിട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും.
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം ഇന്ന് യാത്ര പുറപ്പെടും. വിമാനത്താവളത്തിന് സമീപത്തുള്ള സിയാല്‍ അക്കാദമിയിലാണ് ക്യാംപ് സജ്ജീകരിച്ചിട്ടുള്ളത്. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 16015 പേരാണ് ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നത്. ഇതില്‍ 2535 പേര്‍ പുരുഷന്മാരും 3322 പേര്‍ സ്ത്രീകളും ഉള്‍പ്പെടെ 5857 പേരാണ് കൊച്ചി വിമാനത്താവളം വഴി പോകുന്നത്. ഇവര്‍ക്ക് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ള 199 പേരും, ലക്ഷദ്വീപില്‍ നിന്നുള്ള 111 പേരും കൊച്ചിയില്‍ നിന്ന് തന്നെയാണ് യാത്ര തിരിക്കുക. സൗദി എയര്‍ലൈന്‍സിന്റെ 21 വിമാനങ്ങളാണ് യാത്രക്കായി സജ്ജീകരിച്ചിട്ടുള്ളത്. മെയ് 30 വരെ തീര്‍ത്ഥാടകരുമായി വിമാനങ്ങള്‍ പുറപ്പെടും. ജൂണ്‍ 25 മുതല്‍ തീര്‍ത്ഥാടകര്‍ മടക്ക യാത്ര ആരംഭിക്കും.
തീര്‍ത്ഥാടരുടെ സുരക്ഷക്കും ക്യാംപ് പരിസരത്തെ ഗതാഗത നിയന്ത്രണങ്ങള്‍ക്കുമായി എയര്‍പോര്‍ട്ടിലും ക്യാമ്പ് പരിസരത്തും പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് കുടുതല്‍ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഹജ്ജ് ക്യാപിന്റെ ഉദ്ഘാടന ചടങ്ങില്‍ സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
Related News