കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയില്‍ എയര്‍ ഇന്ത്യക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍. പാലാ സ്വദേശിയായ മാത്യൂസ് ജോസഫായിരുന്നു പരാതിക്കാരന്‍.
2023 ജൂലൈ 23ന് രാവിലെ 5.30ന് പുറപ്പെടുന്ന മുംബൈ-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മാത്യു ജോസഫ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, വിമാനം റദ്ദാക്കി. ഈ വിവരം എയര്‍ ഇന്ത്യ അധികൃതര്‍ പരാതിക്കാരനെ അറിയിച്ചില്ല. തുടര്‍ന്ന് രാത്രി 8.32 നുള്ള വിമാനമാണ് ലഭിച്ചത്. കപ്പലിലെ ജോലിക്കായി മെഡിക്കല്‍ പരിശോധനക്ക് വേണ്ടിയായിരുന്നു യാത്ര. യാത്ര മുടങ്ങിയതിനാല്‍ മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും കപ്പലിലെ ജോലി സാധ്യത നഷ്ടമായെന്നും കാണിച്ചായിരുന്നു പരാതി.
ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവനത്തിലെ അപര്യാപ്തതക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന് നല്‍കാന്‍ അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കമീഷന്‍ ഉത്തരവിടുകയായിരുന്നു.
Related News