ഗാസ- ഗാസയിലെ പലസ്തീനികളുടെ ശരീരത്തില്‍ തീവ്ര ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഖലീല്‍ അല്‍-ദിഗ്രാന്‍ അറിയിച്ചു. പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ച വ്യാപകമായതാണ് ഇതിന് പ്രധാന കാരണം. ഇത് കാരണം, ആളുകള്‍ക്ക് രക്തം ദാനം ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ കുട്ടികള്‍ പഴയ ആഫ്രിക്കന്‍ ദാരിദ്ര്യ ചിത്രങ്ങളുടെ തനിപ്പകര്‍പ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുട്ടികള്‍ പിടയുന്നു. ഇനിയും സമാധാനം അകലെയായ ഗാസയില്‍, ലോകം കണ്ണടക്കുകയാണ്. ഇന്നും ഇസ്രായില്‍ ആക്രമണം ശക്തമായി തുടര്‍ന്നു. 13 പേരാണ് മരിച്ചത്.
ഇസ്രായേലിന്റെ കനത്ത ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി രോഗികളെ ഒരേ സമയം ചികിത്സിക്കേണ്ടി വരുന്നതിനാല്‍, ഗാസയിലെ ആശുപത്രികളില്‍ രക്തത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്.
അതേസമയം, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള യുഎസ് പിന്തുണയുള്ള ബദല്‍ നിര്‍ദ്ദേശത്തില്‍ സമയം പാഴാക്കരുതെന്ന് യുഎന്‍ ദുരിതാശ്വാസ മേധാവി ടോം ഫ്ളെച്ചര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയ്ക്ക് ഇതിനകം ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ഒരു പദ്ധതിയുണ്ടെന്നും വന്‍തോതിലുള്ള സഹായം ഇപ്പോള്‍ തന്നെ പലസ്തീന്‍ മേഖലയിലേക്ക് എത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ 75 ദിവസമായി ഗാസയിലേക്കുള്ള മാനുഷിക സഹായം തടയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
'സഹായ വിതരണത്തിന് ഒരു ബദല്‍ മാര്‍ഗം നിര്‍ദ്ദേശിക്കുന്നതും കേട്ട് നമുക്ക് സമയം പാഴാക്കാതിരിക്കാം. ഞങ്ങള്‍ക്ക് ഇതിനകം ഒരു പദ്ധതിയുണ്ട്,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ഗാസയില്‍ ധാരാളം ആളുകള്‍ പട്ടിണിയിലാണ്' എന്ന് പറഞ്ഞിരുന്നു. ഒരു ആഗോള പട്ടിണി നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്, ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന അര ദശലക്ഷത്തോളം ആളുകള്‍ പട്ടിണി നേരിടുന്നു എന്നാണ്.
Related News