മസ്‌ക്കത്ത്: 156 പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു. ഇതു സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാനിപൗരത്വം നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തിടെ പരിഷ്‌കരിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തിരുന്നു. അതുപ്രകാരമുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് 156 പേര്‍ക്ക് പുതുതായി പൗരത്വം നല്‍കിയത്.
പൗരത്വവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയം ഈ അപേക്ഷകള്‍ പഠിക്കുകയും, നിയമങ്ങളില്‍ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയത്തിന് നിരസിക്കാവുന്നതാണ്. പൗരത്വ വിഷയങ്ങളോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോ പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു രാജ്യത്തിന്റെ പൗരത്വം തുടരാനാവില്ല. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാജകീയ ഉത്തരവ് ഉണ്ടായാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ. പിതാവ് പൗരത്വം ഉപേക്ഷിക്കുന്നതു കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒമാനി പൗരത്വം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും, പിന്‍വലിക്കാനും, എടുത്തുമാറ്റാനും, പുനഃസ്ഥാപിക്കാനും സാധിക്കും.
ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകള്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹരായിരിക്കും.
Related News