അബുദാബി- അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ കുടലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,198 ഗ്രാം കൊക്കെയ്ന്‍ പിടികൂടി. ഏകദേശം 50 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന 89 കൊക്കെയ്ന്‍ കാപ്സ്യൂളുകളാണ് കണ്ടെത്തിയത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റിയിലെ (ICAPC) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സിലെ ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തത്.
തെക്കേ അമേരിക്കന്‍ രാജ്യത്ത് നിന്ന് എത്തിയ ഒരു യാത്രക്കാരനെ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സംഘം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യാത്രക്കാരനെ കൂടുതല്‍ പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ശരീരത്തിനുള്ളില്‍ ബാഹ്യവസ്തുക്കള്‍ ഉള്ളതായി കണ്ടെത്താനായി. തുടര്‍ന്ന് ഇയാളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും, അദ്ദേഹത്തിന്റെ കുടലില്‍ നിന്ന് 89 കൊക്കെയ്ന്‍ കാപ്സ്യൂളുകള്‍ പുറത്തെടുക്കുകയും ചെയ്തു.
കൃത്യനിഷ്ഠയോടെ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ച ഇന്‍സ്പെക്ടര്‍മാരെ അതോറിറ്റി അഭിനന്ദിച്ചു. പരിശോധനാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവര്‍ വീണ്ടും ഉറപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൊതുസുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി, മയക്കുമരുന്ന് വസ്തുക്കളുടെ അപകടങ്ങളില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ടതും, രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതും പ്രധാനമാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
Related News